കാൺപൂർ ട്രെയിൻ ദുരന്തം: മരണം 142 ആയി

പുഖ്രായന്‍ (യു.പി):  ഇന്ദോര്‍-പട്ന എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 146 ആയി. തിങ്കളാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചപ്പോഴാണ് ഇത്രയുംപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതില്‍ 123 പേരെ തിരിച്ചറിഞ്ഞു. 105 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഞായറാഴ്ച രാത്രിവരെ 120 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തത്തില്‍ 200ലേറെപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 73പേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ കാണ്‍പുരിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മറ്റുള്ളവര്‍ക്ക് നിസാരപരിക്കേയുള്ളൂ. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

 ഇന്ദോറില്‍നിന്ന് പട്നയിലേക്ക് പോവുകയായിരുന്ന 19321ാം നമ്പര്‍ ട്രെയിനാണ് ഞായറാഴ്ച പുലര്‍ച്ചെ കാണ്‍പുരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പുഖ്രായനില്‍ പാളം തെറ്റി മറിഞ്ഞത്. അപകടത്തില്‍പ്പെട്ട 14 ബോഗികളില്‍ എസ് ഒന്നുമുതല്‍ നാലുവരെയുള്ള സ്ളീപ്പര്‍ കോച്ചുകളില്‍ സഞ്ചരിച്ചവരാണ് മരിച്ചവരില്‍ ഏറെയും. ഇവരില്‍ കൂടുതല്‍പേരും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഒരു എ.സി ത്രീ ടയര്‍ കോച്ചും അപകടത്തില്‍ തകര്‍ന്നെങ്കിലും കാര്യമായ ആളപായമുണ്ടായില്ല.

സൈന്യത്തിന്‍െറ സഹകരണത്തോടെ റെയില്‍വേ വിഭാഗവും ദേശീയ ദുരന്തപ്രതികരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. യാത്രക്കാര്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്ത് അപകടം നടന്നത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. പരസ്പരം ഇടിച്ചുതകര്‍ന്ന ബോഗികളില്‍കുടുങ്ങിയ നിലയിലാണ് കൂടുതല്‍ മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്തെിയതെന്ന് കാണ്‍പുര്‍ റേഞ്ച് ഐ.ജി സാകി മുഹമ്മദ് പറഞ്ഞു.

പാളത്തിലെ വിള്ളലാണ് ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെപ്പറ്റി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അഞ്ചുലക്ഷവും റെയില്‍വേ മന്ത്രി രണ്ടു മുതല്‍ മൂന്നര ലക്ഷം വരെ എക്സ്ഗ്രേഷ്യയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ടു ലക്ഷവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബോഗികള്‍ പാളത്തില്‍നിന്ന് പൂര്‍ണമായും നീക്കംചെയ്തുവെന്നും ചൊവ്വാഴ്ച രാത്രിയോടെ  കാണ്‍പുര്‍-ഝാന്‍സി റെയില്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാകുമെന്നും ഉത്തര-മധ്യ റെയില്‍വേ ജനറല്‍ മാനേജര്‍ അരുണ്‍ ശ്രീവാസ്തവ പറഞ്ഞു.

Tags:    
News Summary - kanpur train tragedy death roll rieses 133

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.