മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്തവ കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ

കാങ്കർ: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ ക്രൈസ്തവ വിശ്വാസികളായ കുടുംബങ്ങൾക്ക് നേരെ കടുത്ത വിവേചനമെന്ന് പരാതി. വിശ്വാസത്തിന്റെ പേരിൽ ഇവർക്ക് കുടിവെള്ളവും ഉപജീവനമാർഗങ്ങളും മനഃപൂർവം നിഷേധിക്കുകയാണെന്ന് നിരവധി കുടുംബങ്ങൾ ആരോപിച്ചു.

പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് (പി.സി.എ) നൽകിയ അപ്പീൽ പ്രകാരം, അന്തഗഡ് മേഖലയിലും മഡപ്പ, ഭൈൻസാഗാവ്, ബുർഖാപാര തുടങ്ങിയ ഗ്രാമങ്ങളിലും താമസിക്കുന്ന ക്രൈസ്തവ വിശ്വാസികളെ ആഴ്ചകളായി പൊതു ജലസ്രോതസ്സുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണ്.

ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ‘ഘർ വാപസി’ ചടങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നതിനും സമ്മർദ്ദം ചെലുത്തുന്നതിനുമുള്ള തന്ത്രമായാണ് ഈ നടപടികളെന്ന് ഇരയായ കുടുംബങ്ങൾ വ്യക്തമാക്കുന്നു.

വിഷയത്തിൽ ജില്ലാതല ക്രൈസ്തവ കൂട്ടായ്മയായ ‘ജില്ലാ മസീഹ് അസ്ത സമാജ്’ പ്രതിനിധികൾ പ്രാദേശിക അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏപ്രിൽ 28, 30 തീയതികളിൽ ഇവർ ജില്ലാ ഭരണകൂടത്തിനും പൊലീസിനും രേഖാമൂലം പരാതി നൽകിയിരുന്നു.

ഇതിന് മുൻപും അധികൃതരോട് നേരിട്ട് കണ്ട് ഇടപെടാൻ അഭ്യർഥിച്ചിരുന്നതായി ഇവർ പറയുന്നു. അധികൃതരെ പലതവണ വിവരമറിയിച്ചിട്ടും നിരവധി കുടുംബങ്ങൾ ഇപ്പോഴും കടുത്ത ദുരിതത്തിലാണ് നേരിടുന്നതെന്ന് പി.സി.എ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

വെള്ളത്തിനുള്ള വിലക്ക് ഏകദേശം 26 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി സംഘടന വ്യക്തമാക്കുന്നു. ഇതിന് പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ നിഷേധിക്കുക, വനവിഭവങ്ങൾ ശേഖരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക, തൊഴിലവസരങ്ങളിൽ നിന്ന് സാമൂഹികമായി ഒറ്റപ്പെടുത്തുക, ഉപജീവനമാർഗങ്ങൾക്ക് നേരെ ഭീഷണി ഉയർത്തുക തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികളും ഈ കുടുംബങ്ങൾ നേരിടുന്നുണ്ട്.

കുടുംബങ്ങൾക്ക് കുടിവെള്ളവും ഉപജീവനമാർഗങ്ങളും നിയമപരമായ സംരക്ഷണവും നൽകണമെന്നും, വിഷയത്തിൽ സർക്കാർ അധികാരികളും മനുഷ്യാവകാശ സംഘടനകളും സിവിൽ സൊസൈറ്റി സംഘടനകളും അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

Tags:    
News Summary - Kanker Christians Denied Water, Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.