ചരമ വാർഷിക ദിനത്തിൽ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് നടി കങ്കണ രണാവത്; കൗതുകംപൂണ്ട് നെറ്റിസൺസ്

അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം ചരമവാർഷിക ദിനത്തിൽ അവരെ അനുസ്മരിച്ച് നടി കങ്കണ രണാവത്. ഇന്ദിരാഗാന്ധിയുടെ ചിത്രം സഹിതമുള്ള സന്ദേശം കങ്കണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ബി.ജെ.പി സഹയാത്രികയും കടുത്ത കോൺഗ്രസ് വിരുദ്ധയുമായ കങ്കണയുടെ ഇന്ധിര അനുസ്മരണം നെറ്റിസൺസിനിടയിൽ കൗതുകമായിട്ടുണ്ട്.

'ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, ഭാരതരത്ന ഇന്ദിരാഗാന്ധിക്ക് സല്യൂട്ട്' എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കങ്കണ സംവിധാനം ചെയ്യുന്ന 'എമർജൻസി'എന്ന സിനിമ ഇന്ദിരാഗാന്ധിയുടെ കഥയാണ് പറയുന്നത്. കങ്കണ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

നേരത്തേ തന്റെ രാഷ്ട്രീയ പ്രവേശന സൂചന കങ്കണ നൽകിയിരുന്നു. ബി.ജെ.പി ടിക്കറ്റ് നൽകുകയാണെങ്കിൽ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കങ്കണ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഷിംലയിൽ സംഘടിപ്പിച്ച 'ആജ് തക് ഹിമാചൽ പ്രദേശ്' എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ. അതേസമയം, നിലവിൽ അഭിനയരംഗത്ത് പൂർണശ്രദ്ധ ചെലുത്തുന്നതിനാൽ രാഷ്ട്രീയത്തിലേക്കു വരാൻ താൽപര്യമില്ലെന്നാണ് കങ്കണ ഒരു മാസം മുൻപ് പറഞ്ഞത്.

ഹിമാചൽ പ്രദേശിലെ ജനത്തെ ഏതുവിധേനയും സേവിക്കാൻ ആഗ്രഹമുണ്ടെന്നും അതിന് രാഷ്ട്രീയപ്രവേശം അനിവാര്യമെങ്കിൽ അതിനും തയാറാണെന്നും കങ്കണ വിശദീകരിച്ചു. തന്റെ നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി പോരാടാൻ അവസരം ലഭിച്ചാൽ അത് അഭിമാനകരമായ കാര്യമാണെന്നും താരം പറഞ്ഞു. ഹിമാചലിലെ മണാലി സ്വദേശിനിയാണ് കങ്കണ.

''സാഹചര്യം എന്തുമാകട്ടെ. സർക്കാരിന് എന്റെ സഹകരണം ആവശ്യമാണെങ്കിൽ ഞാൻ അതിനു തയാറാണ്. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഹിമാചലിലെ ജനം ആവശ്യപ്പെടുന്നതെങ്കിൽ അത് എനിക്കു ലഭിക്കുന്ന വലിയ ആദരവാണ്. മത്സരിക്കുന്നതിൽ എനിക്കു യാതൊരു വിമുഖതയുമില്ല.'– കങ്കണ പറഞ്ഞു.

അതേസമയം, കങ്കണയ്ക്ക് എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്കു വരാമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അതേ പരിപാടിയിൽ പങ്കെടുത്ത ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വ്യക്തമാക്കി. നവംബർ 12നാണ് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - Kangana Ranaut offers her ‘naman’ to Indira Gandhi on her death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.