വഖഫ് ജെ.പി.സി ചെയർമാൻ ജഗദാംബികാ പാൽ
ന്യൂഡൽഹി: വഖഫ് ജെ.പി.സിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മറ്റാരുടെയോ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ചെയർമാൻ ജഗദാംബികാ പാൽ ആ തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപിക്കുകയാണെന്നും പ്രതിപക്ഷം. സമിതി യോഗം നടക്കുമ്പോഴും ആരുടെയോക്കെയോ ഫോൺ കോളുകൾക്ക് മറുപടി പറയുകയായിരുന്നു ജഗദാംബികാ പാൽ എന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി പറഞ്ഞു.
മറ്റാരുടെയോ നിർദേശപ്രകാരമാണ് അദ്ദേഹം സമിതിയിൽ തീരുമാനമെടുക്കുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഈ തരത്തിൽ ജെ.പി.സി ഒരു പാഴ്വേലയാക്കിയതിൽ തങ്ങൾ പ്രതിഷേധിച്ചു. അപ്പോൾ എം.പിമാരെ സസ്പെൻഡ് ചെയ്യുന്നതിൽ കുപ്രസിദ്ധനായ നിഷികാന്ത് ദുബെ തങ്ങളെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയവുമായി വന്നുവെന്നും ബാനർജി പറഞ്ഞു.
വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതിയിൽ താൻ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാണെന്ന മട്ടിലാണ് ചെയർമാൻ ജഗദാംബികാ പാൽ. താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന മട്ടിലാണ് നിഷികാന്ത് ദുബെ. വീട്ടുജോലിക്കാരോടെന്ന പോലെയാണ് പ്രതിപക്ഷ എം.പിമാരോടുള്ള ഇവരുടെ പെരുമാറ്റമെന്നും ബാനർജി കുറ്റപ്പെടുത്തി.
ബില്ലിന്റെ കാര്യത്തിൽ സർക്കാർ തിരക്കിട്ട നീക്കത്തിലായത് കൊണ്ടാണ് കശ്മീർ മുസ്‍ലിംകളുടെ ആശങ്ക അകറ്റാൻ താഴ്വരയിലെ മുസ്‍ലിം പണ്ഡിതവേദിയുടെ നിവേദനവുമായി വന്നതെന്ന് മിർവായീസ് പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ താഴ്ചവരയിലെ മുസ്‍ലിംകളെല്ലാം ആശങ്കയിലാണ്. ഈ ആശങ്ക ജെ.പി.സി ചെയർമാന് മുന്നിൽവെച്ചു. പണ്ഡിതരുടെ ആശങ്ക കേട്ടെങ്കിലും അക്കാര്യത്തിൽ ചെയർമാൻ മറുപടിയൊന്നും നൽകിയില്ലെന്നും മിർവായീസ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: വഖഫ് ജെ.പി.സി യോഗം 30, 31 തീയതികളിൽ നടത്തണമെന്നാവശ്യപ്പെട്ട് തങ്ങൾ ചെയർമാന് കത്തെഴുതിയിട്ടും ഇതംഗീകരിക്കാതെ 24, 25 തീയതികളിൽ തന്നെ യോഗം നടത്തുമെന്ന സ്വന്തം തീരുമാനവുമായി ചെയർമാൻ മുന്നോട്ടുപോയെന്ന് സസ്പെൻഷനിലായ പ്രതിപക്ഷ അംഗം കല്യാൺ ബാനർജി പറഞ്ഞു. അപ്പോഴും ബില്ലിലെ വ്യവസ്ഥകൾ ഓരോന്നായെടുത്തു ചർച്ച ചെയ്യാനാണ് യോഗം എന്നാണ് അറിയിച്ചിരുന്നത്.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികളെല്ലാം റദ്ദാക്കി യോഗത്തിനായി ഡൽഹിയിൽ വന്ന ശേഷമാണ് വ്യാഴാഴ്ച അർധരാത്രി 11.45ന് വീണ്ടും തീരുമാനം മാറ്റിയെന്ന സന്ദേശം ചെയർമാൻ അയക്കുന്നത്. അപ്പോഴാണ് യോഗത്തിലെ അജണ്ട മാറ്റിയെന്നും കശ്മീരിലെ സംഘത്തെ കേൾക്കുമെന്നും ബില്ലിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാനുള്ള യോഗം 27, 28 തീയതികളിലേക്ക് മാറ്റിയെന്നുമാണ് ചെയർമാൻ അറിയിച്ചത്. തുടർന്ന് വെള്ളിയാഴ്ച യോഗം തുടങ്ങിയപ്പോൾ അവസാന മണിക്കൂറിൽ മാറ്റിയ യോഗം 27ൽനിന്ന് 31ലേക്ക് ആക്കണമെന്നും തങ്ങൾ സഹകരിക്കാമെന്നും പറഞ്ഞു.
24നും 25നും എം.പിമാർ മണ്ഡലത്തിൽ നിശ്ചയിച്ച പരിപാടികളെല്ലാം റദ്ദാക്കിയശേഷം വീണ്ടും 27ലെ പരിപാടികൾ കൂടി റദ്ദാക്കാനാവില്ലെന്നാണ് തങ്ങൾ പറഞ്ഞത്. രാവിലെ മുതൽ ഇക്കാര്യം പറഞ്ഞിട്ടും ജഗദാംബികാ പാൽ കേട്ടില്ല. ഇതിൽ തങ്ങൾ പ്രതിഷേധിച്ചപ്പോൾ സസ്പെൻഡ് ചെയ്തുവെന്നും ബാനർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.