ബംഗളൂരു: കന്നട സാഹിത്യകാരനായ എം.എം. കൽബുർഗി വധക്കേസിൽ കൊലയാളിയുടെ സഹായി പിടിയിലായി. കൊലപാതകം നടത്തുന്നതിനായി ഗണേഷ് മിസ്കിനെ സഹായിച്ച ഹുബ്ബള്ളി സ്വദേശി കൃഷ്ണമൂർത്തിയാണ് അറസ്റ്റിലായത്. കൽബുർഗിയുടെ വീട്ടിലേക്ക് കൊലയാളിയായ ഹുബ്ബള്ളി സ്വദേശി ഗണേഷ് മിസ്കിനെ ബൈക്കിൽ എത്തിച്ചത് കൃഷ്ണമൂർത്തിയാണെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. പുരോഗമനവാദികളെ കൊലപ്പെടുത്തുന്ന സംഘത്തിലെ മുഖ്യപ്രതികളിലൊരാളായ അമോൽ കാലെയെ കഴിഞ്ഞ ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അമോൽ കാലെയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങളാണ് കൃഷ്ണമൂർത്തിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ ഗണേഷ് മിസ്കിൻ, അമിത് ബഡ്ഡി, വസുദേവ് സൂര്യവംശി എന്നിവരെ ഇക്കഴിഞ്ഞ മാർച്ചിൽ കൽബുർഗി വധക്കേസിലും പ്രതിചേർത്തിരുന്നു. ഇതിൽ ഗണേഷ് മിസ്കിനാണ് കൽബുർഗിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ.
ഹിന്ദുത്വ വിമർശകരായ പുരോഗമനവാദികളെ ഇല്ലാതാക്കാൻ 2011ൽ രൂപവത്കരിച്ച തീവ്ര ഹിന്ദുത്വ സംഘത്തിെൻറ ഭാഗമാണ് കൃഷ്ണമൂർത്തിയെന്നാണ് സൂചന. മറ്റു സംഘടനകളുമായി കൃഷ്ണൂർത്തിക്ക് ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നാലുവർഷത്തിനുശേഷമാണ് കൽബുർഗി വധക്കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. നേരത്തെ കർണാടക പൊലീസിെൻറ സി.ഐ.ഡി സംഘമായിരുന്നു കേസന്വേഷിച്ചിരുന്നത്. എന്നാൽ, അന്വേഷണത്തിൽ പുരോഗതിയുണ്ടായിരുന്നില്ല. തുടർന്ന് ഗൗരി ലങ്കേഷിെൻറ വധക്കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട ഗണേഷ് മിസ്കിനും അമിത് ബഡ്ഡിയും ചേർന്നാണ് കൽബുർഗിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു എസ്.ഐ.ടി. കൽബുർഗിക്കുനേരെ നിറയൊഴിച്ചത് ഗണേഷ് മിസ്കിനാണെന്ന് സാക്ഷി തിരിച്ചറിഞ്ഞിരുന്നെങ്കിലും അമിത് ബഡ്ഡിയെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്നാണ് അമോൽ കാലെയെ ചോദ്യം ചെയ്യുന്നതും ഗണേഷ് മിസ്കിെൻറ സഹായിയായ കൃഷ്ണമൂർത്തിയെ പിടികൂടുന്നതും. 2015 ആഗസ്റ്റ് 30നാണ് കര്‍ണാടകയിലെ ധര്‍വാദിലെ കല്യാണ്‍ നഗറിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിെൻറ വെടിയേറ്റ് യുക്തിവാദികൂടിയായ പ്രഫ. എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.