സമാനതകളില്ലാത്തതാണ് മുത്തുവേൽ കരുണാനിധിയുടെ വ്യക്തിത്വം. കാമരാജ്, എം.ജി.ആർ, ജയലളിത എന്നിവരൊക്കെ ജനപ്രീതിയിൽ കരുണാനിധിയെ മറികടന്ന നേതാക്കളാണ്. എങ്കിലും കാലത്തെ നടുക്കിയ കൊടുങ്കാറ്റുപോലെ കടന്നുപോയ കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം അവരിൽനിന്നെല്ലാം വേറിട്ടുനിൽക്കും. കളരിയഭ്യാസിയെ വെല്ലുന്ന മലക്കംമറിച്ചിലുകൾ രാഷ്ട്രീയത്തിൽ നടത്തിയെങ്കിലും എക്കാലത്തും ദലിതരുടേയും ന്യൂനപക്ഷങ്ങളുടേയും പടത്തലവനായിരുന്നു. സാഹിത്യത്തിൽ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നിറച്ചു. നാടകത്തേയും സിനിമയേയും സാമൂഹിക വിപ്ലവത്തിനുള്ള വജ്രായുധങ്ങളാക്കി.
ജസ്റ്റിസ് പാർട്ടിയിലൂടെ, വിദ്യാർഥി ജീവിതകാലത്തുതന്നെ രാഷ്ട്രീയത്തിലെത്തി. ഇ.വി. രാമസാമി നായ്ക്കറുടെ ദ്രാവിഡ കഴകത്തിലെ മുന്നണിപ്പോരാളികളിലൊരാളായി. കല്ലൈക്കുടി സമരമായിരുന്നു ആദ്യ പ്രക്ഷോഭവേദി. കല്ലൈക്കുടിയുടെ പേര് ദാൽമിയാപുരം എന്ന് മാറ്റിയതിനെതിരായിരുന്നു സമരം. പേരുമാറ്റാൻ കാരണം അവിടെ ദാൽമിയയുടെ സിമൻറ് ഫാക്ടറി ഉള്ളതായിരുന്നു. ആ സമരവിജയം കരുണാനിധിയെ പ്രശസ്തനാക്കി.
ദ്രാവിഡകഴകത്തിൽനിന്ന് പിരിഞ്ഞ് സി.എൻ. അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിച്ചപ്പോൾ അതിെൻറ മുൻനിരയിൽ നിന്നു. 1960കളിൽ തമിഴ്നാടിനെ പ്രകമ്പനം കൊള്ളിച്ച ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിെൻറ തേരാളികളിലൊരാളായി അദ്ദേഹം. ആ സമരത്തിലൂടെ ഡി.എം.കെ സംസ്ഥാനത്ത് കോൺഗ്രസിന് ശക്തമായ വെല്ലുവിളിയായി. 1967ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ തറപറ്റിച്ച് ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയപ്പോൾ അണ്ണാദുരൈ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി അധികാരത്തിെൻറ രുചിയറിഞ്ഞു. 1969ൽ അണ്ണാദുരൈ മരിച്ചപ്പോൾ മുഖ്യമന്ത്രിയായി. അടുത്ത തെരഞ്ഞെടുപ്പിൽ ഡി.എം.കെ ജയിച്ചതോടെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. അഞ്ചുതവണ അദ്ദേഹം മുഖ്യമന്ത്രിയായി.
സംസ്ഥാന രാഷ്ട്രീയത്തിൽ ഒതുങ്ങുന്നതായിരുന്നില്ല കരുണാനിധിയുടെ രാഷ്ട്രീയ വ്യക്തിത്വം. ദേശീയ രാഷ്ട്രീയത്തിൽ അപ്രതിരോധ്യമായി നിലകൊണ്ട കോൺഗ്രസിനെ എതിർത്തു. കോൺഗ്രസുമായി ഇണങ്ങിയാലും പിണങ്ങിയാലും ആ പാർട്ടിക്ക് അദ്ദേഹം ഒരിക്കലും സംസ്ഥാനത്തെ അധികാരത്തിെൻറ പങ്ക് നൽകിയില്ല. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ജയപ്രകാശ് നാരായണിെൻറ പ്രസ്ഥാനത്തോടൊപ്പം നിന്നു. കോൺഗ്രസിനോടുള്ള വിയോജിപ്പ് രണ്ടുതവണ കരുണാനിധി അധികാരത്തിൽനിന്ന് പുറത്താക്കുന്നതിന് അവസരമൊരുക്കി. പക്ഷേ, ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് അദ്ദേഹം എതിരാളികളെ അമ്പരപ്പിച്ചു.
ഭരണാധികാരി എന്ന നിലയിൽ ദീർഘദർശിയായിരുന്നു കരുണാനിധി. ചെന്നൈ നഗരത്തെ പുതുക്കിപ്പണിതു. പുതിയ റോഡുകളും പാലങ്ങളുംകൊണ്ട് സംസ്ഥാനം ഗതാഗത സൗകര്യത്തിൽ മുന്നിലെത്തി. തമിഴ്നാട്ടിൽ പുതിയൊരു വ്യവസായിക സംസ്കാരത്തിന് അടിത്തറയിട്ടു. വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിച്ചതിലൂടെ ദലിതരേയും ന്യൂനപക്ഷങ്ങളേയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും മുൻകൈ എടുത്തു.
എന്നാൽ, കരുണാനിധിയുടെ രാഷ്ട്രീയവും ഭരണപരവുമായ പല അടവുകളും അദ്ദേഹത്തിന് തിരിച്ചടിയായി. അഴിമതിയുടെ പേരിൽ സർക്കാരിയ കമീഷൻ കുറ്റപ്പെടുത്തിയ കരുണാനിധി സർക്കാറിനെ 1976ൽ ഇന്ദിര ഗാന്ധി പുറത്താക്കി. ഡി.എം.കെ ഭരണകാലത്ത് എൽ.ടി.ടി.ഇയോട് കാണിച്ച സൗമനസ്യം അവർ മുതലെടുത്തു. എൽ.ടി.ടി.ഇയെ അമിതമായി സഹായിച്ചതിെൻറ പേരിൽ, രാജീവ് ഗാന്ധി വധത്തെ തുടർന്ന് ഒരിക്കൽക്കൂടി കരുണാനിധി അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടു.
എം. ജി. രാമചന്ദ്രൻ എന്ന ചെറുപ്പക്കാരനെ എം.ജി.ആർ എന്ന സൂപ്പർ താരമാക്കിയത് കരുണാനിധിയാണ്. എം.എൽ.എയും പാർട്ടി ട്രഷററും ആക്കി. പിന്നീട് എം. ജി.ആർ ഡി.എം.കെ പിളർത്തി എ.ഡി.എം. കെ എന്ന പാർട്ടിയുണ്ടാക്കി കരുണാനിധിയിൽനിന്ന് അധികാരം പിടിച്ചെടുത്തത് രാഷ്ട്രീയത്തിലെ സിനിമക്കഥ പോലെ ഒാർക്കാം.
ആദ്യം നാടകത്തേയും പിന്നീട് സിനിമയേയും ആശയപ്രചാരണ ഉപാധിയാക്കുന്നതിൽ കരുണാനിധി വിജയിച്ചു. ബ്രാഹ്മണ മേധാവിത്വത്തോടും പൗരോഹിത്യത്തോടുമുള്ള എതിർപ്പ് കരുണാനിധിയുടെ നാടകങ്ങളിൽ മുഴങ്ങി. പ്രശസ്ത നാടക-സിനിമ നടൻ എം.ആർ. രാധ കരുണാനിധിയുടെ ‘തൂമേടൈ’ എന്ന നാടകം അവതരിപ്പിച്ചപ്പോൾ ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നു എന്നുപറഞ്ഞ് അത് നിരോധിച്ചു. എന്നാൽ, അതേ നാടകം ‘ബലിപീഠം’ എന്ന് പേരുമാറ്റി വീണ്ടും അവതരിപ്പിച്ചതിന് എം.ആർ. രാധ അറസ്റ്റിലായി. അക്കാലത്ത് എം.ആർ. രാധയാണ് കരുണാനിധിയെ ‘കലൈജ്ഞർ’ എന്ന് വിശേഷിപ്പിച്ചത്.
എം.ജി.ആറിനെയും ശിവാജി ഗണേശനെയും സൃഷ്ടിച്ചതും കരുണാനിധിയാണ്. ‘മന്ത്രിമാരി’ എന്ന ചിത്രംകൊണ്ട് എം.ജി.ആറും ‘പരാശക്തി’കൊണ്ട് ശിവാജിയും ഒറ്റക്കുതിപ്പിൽ താരാപഥത്തിലെത്തി. കഥയും തിരക്കഥയുമായി നാൽപതോളം ചിതങ്ങളിൽ കരുണാനിധി പ്രവർത്തിച്ചു. സാഹിത്യരംഗത്ത് നാടകങ്ങളും നോവലുകളും ജീവചരിത്രങ്ങളും കഥകളുമായി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. ‘നെഞ്ചുനീതി’ എന്ന അദ്ദേഹത്തിെൻറ ആറ് വാല്യങ്ങളിലുള്ള ജീവചരിത്രം തമിഴ്നാടിെൻറ സമകാലിക രാഷ്ട്രീയ ചരിത്രംകൂടിയാണ്.
ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിെൻറ വ്യക്തിത്വത്തിന്മേൽ പുരണ്ട അഴിമതിയുടെ കറ എളുപ്പം മായ്ച്ചുകളയാനാവില്ല. ഡി.എം.കെ രൂപവത്കരണവേളയിൽ പാർട്ടിക്ക് പ്രസിഡൻറില്ലായിരുന്നു. ദ്രാവിഡകഴകം തലവൻ പെരിയാർ പാർട്ടിയിലേക്ക് വന്നാൽ അദ്ദേഹത്തിന് നൽകാൻ പദം ഒഴിച്ചിട്ടുകൊണ്ട് അണ്ണാദുരൈ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. എന്നാൽ, അണ്ണാദുരൈയുടെ മരണശേഷം മുഖ്യമന്ത്രിയായ കരുണാനിധി ഒഴിഞ്ഞുകിടന്ന ആ പ്രസിഡൻറ് കസേരയിൽ കയറിയിരുന്നു; പിന്നെ ഇറങ്ങിയിേട്ടയില്ല. ക്രമേണ പാർട്ടിയിലെ മുഖ്യസ്ഥാനങ്ങളിൽ അദ്ദേഹം മക്കളേയും ബന്ധുക്കളേയും ആജ്ഞാനുവർത്തികളേയും കുടിയിരുത്തി. അതോടെ പാർട്ടി= കലൈജ്ഞർ എന്നതായി സമവാക്യം.
കരുണാനിധിയുടെ വിയോഗം തമിഴ് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. ഡി.എം.കെയും വംശനാശ ഭീഷണി നേരിടും. ദ്രാവിഡെൻറ രാഷ്ട്രീയാന്തസ്സിെൻറ കൊടിപ്പടം താഴും. വർഗീയ-ജാതീയ ശക്തികൾ അവരുടെ പങ്ക് നേടിയെടുക്കാൻ തമിഴ്നാട് രാഷ്ട്രീയത്തെ കടിച്ചുകീറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.