ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്‍െറ ഇരകള്‍ക്കെതിരെ സംഘ്പരിവാര്‍ ഉന്നയിച്ച് പരാജയപ്പെട്ട വ്യാജപ്രചാരണത്തിന് പിന്‍ബലമേകി ദേശീയ മനുഷ്യാവകാശ കമീഷന്‍െറ റിപ്പോര്‍ട്ട്. 2013ലെ കലാപത്തെ തുടര്‍ന്ന് മുസഫര്‍ നഗര്‍ മേഖലയില്‍നിന്ന് അടുത്ത ജില്ലയിലെ കയ് രാന എന്ന ചെറുനഗരത്തിലേക്ക് പലായനം ചെയ്ത മുസ്ലിം കുടുംബങ്ങള്‍ അവിടത്തെ ഹിന്ദുക്കള്‍ക്ക് സുരക്ഷാ ഭീഷണിയായി മാറിയെന്നാണ് കമീഷന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. കയ്രാനയിലെ ബി.ജെ.പി ലോക്സഭാംഗം ഹുകും സിങ് ഏതാനും മാസം മുമ്പ് ഉന്നയിച്ച ആക്ഷേപം ജില്ലാ ഭരണകൂടത്തിന്‍െറ അന്വേഷണത്തില്‍ വസ്തുതാ വിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. കമീഷന്‍െറ നടപടിക്കെതിരെ മുസഫര്‍ നഗര്‍ കലാപത്തിന്‍െറ ഇരകളും പൗരാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നിരിക്കയാണ്. നീതി ലഭിച്ചില്ളെന്ന് മാത്രമല്ല, തങ്ങളെ ക്രിമിനലുകളായി മുദ്രകുത്തുകയും ചെയ്യുന്നത് കൊടും ക്രൂരതയാണെന്ന് മുസഫര്‍ നഗറില്‍നിന്ന് പലായനം ചെയ്തവര്‍ മനുഷ്യവകാശ കമീഷന്‍ അധ്യക്ഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
നൂറോളം പേര്‍ മരിച്ച മുസഫര്‍ നഗര്‍ കലാപത്തെ തുടര്‍ന്ന് ലക്ഷത്തോളം മുസ്ലിംകളാണ് മേഖലയില്‍നിന്ന് പലായനം ചെയ്തത്. ഇങ്ങനെ മുസ്ലിംകള്‍ വന്നുചേര്‍ന്നതോടെ കയ്രാനയിലെ മുസ്ലിം ജനസംഖ്യ കുത്തനെ കൂടിയെന്നും ഇവരുടെ ഭീഷണി കാരണം അവിടത്തെ ഹിന്ദു കുടുംബങ്ങള്‍ കുടിയൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായെന്നുമാണ് സംഘ്പരിവാര്‍ ഉയര്‍ത്തിയ ആക്ഷേപം. ഇവര്‍ പുറത്തുവിട്ട 349 കുടുംബങ്ങളുടെ പട്ടിക ജില്ലാ ഭരണകൂടം പരിശോധിച്ചപ്പോള്‍ അതില്‍ 90 ശതമാനം പേരും കലാപത്തിന് വര്‍ഷങ്ങള്‍ക്കുമുന്നേ കയ്രാന വിട്ടുപോയവരോ മരിച്ചവരോ ആണെന്ന് കണ്ടത്തെി.
മനുഷ്യാവകാശ കമീഷന്‍െറ റിപ്പോര്‍ട്ട് പറയുന്നത് മറിച്ചാണ്. 30,000ഓളം മുസ്ലിംകള്‍ കയ്രാനയിലേക്ക് വന്നതോടെ ഇവിടത്തെ ജനസംഖ്യാ സന്തുലനം നഷ്ടമായി. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി. മറുവിഭാഗത്തിന്‍െറ ശല്യം കാരണം ഹിന്ദു സ്ത്രീകള്‍ കയ്രാന ടൗണില്‍ വരാന്‍പോലും മടിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വര്‍ഗീയച്ചുവയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നവര്‍ക്ക് വളം പകരുന്നതാണെന്ന് ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, ഫറാ നഖ്വി എന്നിവര്‍ ചൂണ്ടിക്കാട്ടി. കലാപബാധിതരായ 3000ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് കയ്രാനയിലേക്ക് വന്നിട്ടുള്ളതെന്ന് അവരിലുള്‍പെട്ട ശൗക്കത്ത് അലി, റിയാസ് അലി എന്നിവര്‍ പറയുന്നു.
എന്നാല്‍, റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുകയാണ് കമീഷന്‍. സുപ്രീംകോടതി അഭിഭാഷക മോണിക അരോറ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ ലഭിച്ച വിവരമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കമീഷന്‍ വക്താവ് ജെ.കെ. ശ്രീവാസ്തവ പറഞ്ഞു. ഒരു വിഭാഗം ആളുകളോട് മാത്രം സംസാരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും മനുഷ്യാവകാശ കമീഷനില്‍നിന്ന് ഇത്തരം വീഴ്ച ഉണ്ടാകാന്‍ പാടില്ളെന്നും സന്നദ്ധ സംഘടന സദ്ഭാവന ട്രസ്റ്റ് ഭാരവാഹി മാധവി കുഖ്റേജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.