ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നേതാവിനൊപ്പം നിൽക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ചിത്രം പങ്കുവെച്ച് വസ്തുതാന്വഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. നേരത്തെ, അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സ്വയം ചാട്ടവാർ കൊണ്ട് അടിച്ച് വാർത്തകളിൽ ഇടംപിടിച്ച അണ്ണാമലൈ, ഈ പീഡനക്കേസിലും സ്വയം ചാട്ടവാറടിക്കുമോ എന്ന് സുബൈർ പരിഹസിച്ചു.
മധുര സ്വദേശിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴ്നാട് ബി.ജെ.പിയുടെ സാമ്പത്തിക കാര്യ മേധാവി എം.എസ്. ഷായെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അണ്ണാമലൈയുടെ ഫോട്ടോ സുബൈർ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു.
എം.എസ്. ഷാക്കെതിരെ കഴിഞ്ഞ വർഷമാണ് മധുര സൗത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് പരാതി നൽകിയത്. പരാതിക്കാരന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന ഷാ, 15കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഷാ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോൾ അമ്മ സ്‌കൂളിൽ വിടാതെ ബി.ജെ.പി നേതാവിന്റെ വീട്ടിലെത്തിച്ച് തനിച്ചാക്കിയെന്നും ഷാ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് മകൾ പറഞ്ഞത്.
മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ നിർദേശ പ്രകാരമാണ് കേസിൽ അന്വേഷണമാരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ ഭാര്യക്കും ഷാക്കുമെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ ഷാ, തിങ്കളാഴ്ചയാണ് പിടിയിലായത്.
അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡി.എം.കെ സർക്കാരിനെതിരെ പ്രതിഷേധവുമായാണ് ഡിസംബർ 27ന് അണ്ണാമലൈ ചാട്ടവാറടിച്ചത്. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പച്ച നിറത്തിലുള്ള മുണ്ട് ധരിച്ച് ഷർട്ടിടാതെ വീടിനു പുറത്തേക്ക് വന്ന അണ്ണാമലൈ ചാട്ട കൊണ്ട് ദേഹത്ത് അടിക്കുകയായിരുന്നു. ആറു തവണ ചാട്ടവാർ കൊണ്ട് അടിക്കുമെന്ന് പറഞ്ഞ അണ്ണാമലൈ എട്ട് തവണയാണ് അടിച്ചത്. വീണ്ടും അടിക്കാനൊരുങ്ങിയതോടെ ഒരു സഹായി എത്തി അണ്ണാമലയെ തടയുകയായിരുന്നു. ഡി.എം.കെ നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ്, സ്വന്തം നേതാവ് പോക്സോ കേസിൽ പിടിയിലായതോടെ അണ്ണാമലൈ വീണ്ടും ചാട്ടവാറടിക്കുമോ എന്ന് സുബൈർ ചോദിച്ചത്. പ്രതിക്കൊപ്പമുള്ള അണ്ണാമലൈയുടെ ചിത്രവും സുബൈർ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.