കൽക്കട്ട ഹൈക്കോടതി
കൊൽക്കത്ത: നീതി നടപ്പാക്കുമ്പോൾ രക്തദാഹം പാടില്ലെന്ന് കൽക്കട്ട ഹൈകോടതി. കൽക്കട്ട ഹൈകോടതിയുടെ ജയ്പാൽഗുരി ബഞ്ചാണ് ഒരു കൊലപാതകക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട 22കാരന്റ ശിക്ഷ ജീവപര്യന്തമായി കുറച്ച് നൽകിയ വിധിയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വിചാരണക്കോടതിയാണ് അഫ്താബ് അലാം എന്ന പ്രതിയെ വധശിക്ഷക്ക് വിധിച്ചത്. പിതാവിന്റെ മരണശേഷം തനിക്ക് അഭയം നൽകിയ അമ്മാവനെയാണ് അഫ്താബ് മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയത്. എന്നാൽ വിചാരണക്കോടതിയുടെ വിധി തെളിവുകളെക്കാളുപരി വികാരപരമായി എന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.
ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ, ജസ്റ്റിസ് ഉദയ്കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് പരോളില്ലാത്ത ജീവപര്യന്തമായി ശിക്ഷ ഇളവുചെയ്തത്. ജയിലുകളുടെ പേര് ‘ശരിയാക്കൽ ഭവനങ്ങൾ’ എന്നുള്ള മാറ്റം പ്രതിഫലിക്കുന്നത് നമ്മുടെ അടിസ്ഥാനപരമായ രക്തദാഹത്തിൽ നിന്ന് കൂടുതൽ പരിഷ്‍കൃതമായ, ഒരാളെ സ്വയം മാറാൻ അനുവദിക്കുന്ന രീതിയിലേക്കാകണമെന്നും എതിർക്കേണ്ടത് കുറ്റകൃത്യത്തെയാണ് കുറ്റവാളിയെയല്ല എന്നും 47 പേജുള്ള വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടുന്നു.
ഒരാളെ ശരിയാക്കൽ ഭവനത്തിലേക്കയക്കുന്നത് അയാൾക്ക് മനഃശാസ്ത്രപരവും സാമൂഹ്യവുമായ പന്തുണ നൽകുന്നതിനും അതിലൂടെ മനപരിവർത്തനം സംഭവിച്ച് അയാൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുമാണ്. വിചാരണ സമയത്ത് പ്രതിയുടെ ശരീരഭാവങ്ങൾ കണ്ടിട്ട് അയാൾക്ക് ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപമില്ല എന്നതുകൊണ്ട് അയാൾ ഇനി ഒരിക്കലും പരിവർത്തനം ചെയ്യാത്ത രീതിയിൽ എത്തപ്പെട്ടിരിക്കുന്നു എന്ന് കരുതാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
അഫ്ത്താബും പ്രായപൂർത്തിയാകാത്ത അഞ്ച് സുഹൃത്തുക്കളും ചേർന്ന് അഫ്ത്താബിന്റെ അമ്മാവനായ മെഹ്ത്താബിന്റെ വീട്ടിൽ മോഷണം നടത്തുകയും ഇതിനിടെ മെഹ്ത്താബിനെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു. ഇതിൽ അഫ്ത്താബ് കൊല്ലപ്പെടുകയും ഭാര്യ രക്ഷപ്പെടുകയും ചെയ്തു. അന്ന് അഫ്ത്താബിന് 22 വയസ്സായിരുന്നു പ്രായം. അഫ്താബ് തനിക്ക് പിതാവിന്റെ മരണശേഷം അഭയം നൽകി വളർത്തിയ അമ്മാവന്റെ വീട്ടിൽ കൊള്ള നടത്താനായി ഡെൽഹിയിൽ നിന്ന് എത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തതിലൂടെ കൊടിയ വഞ്ചനയാണ് ചെയ്തതെന്നാണ് വിചാരണക്കോടതി വിധിന്യായത്തിൽ പറയുന്നത്.
എന്നാൽ അഫ്താബ് വളരെ നേരത്തെതന്നെ ഡൽഹിക്ക് പോയതാണെന്നും അദ്ദേഹത്തിന്റെ പരിരക്ഷയിലല്ല പിന്നീട് കഴിഞ്ഞതെന്നും ഹൈകോടതി കണ്ടെത്തിയിരുന്നു. കൊലപാതകം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഹൈകോടതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.