കൊൽക്കത്ത: ബംഗാളിലെ മാൾഡയിലെ ആർജി കാർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ അവസാന വർഷ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാമുകൻ വിഷം കൊടുത്ത് കൊന്നതായി ആരോപിച്ച് മരിച്ച ജൂനിയർ ഡോക്ടറുടെ മാതാപിതാക്കൾ രംഗത്തെത്തി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ, ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ ആശുപത്രിക്കുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആ സംഭവത്തിൽ കൊൽക്കത്ത പൊലീസിലെ ഒരു മുൻ സിവിൽ വളണ്ടിയറെ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതിനുശേഷം മറ്റൊരു ജൂനിയർ ഡോക്ടറുടെ മരണം വീണ്ടും വാർത്തയാവുകയാണ്.
കാമുകൻ തന്നെ എന്തോ കഴിക്കാൻ നിർബന്ധിച്ചുവെന്ന് മകൾ തങ്ങളോട് പറഞ്ഞുവെന്നും അയാൾ അവളെ കൊന്നതാണെന്ന് ഉറപ്പാണെന്നും ഇരയുടെ മാതാവ് ആശുപത്രിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സൗത്ത് ദിനാജ്പൂരിലെ ബലുർഘട്ട് നിവാസികളായ മാതാപിതാക്കൾ മാൾഡ മെഡിക്കൽ കോളജിലെ ഒരു മെഡിക്കൽ വിദ്യാർഥിയുമായി മകൾക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടു.
‘അവൾ കുറച്ച് മാസങ്ങൾക്കു മുമ്പ് ഗർഭിണിയായി. ഞങ്ങൾ ഇരുവരോടും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ, ആൺസഹൃത്തിന് സമ്മതമില്ലായിരുന്നു. അയാൾ അവളെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു’- പെൺകുട്ടികയുടെ മാതാവ് ആരോപിച്ചു. ആൺസുഹൃത്തിനെ കാണാൻ രണ്ടു ദിവസം മുമ്പ് മകൾ മാൾഡയിൽ എത്തിയതായിരുന്നുവെന്നും അവർ പറഞ്ഞു.
‘മകളെ മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വെള്ളിയാഴ്ച രാവിലെ ഒരു കോൾ ലഭിച്ചു. അവളുടെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നുവെന്നും’ അവർ പറഞ്ഞു. സംഭവത്തിൽ മാൾഡ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.