കശ്മീരിൽ മാധ്യമപ്രവർത്തകനെ പൊതുസുരക്ഷ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

ശ്രീനഗർ: തീവ്രവാദ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കശ്മീരിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു. സജാദ് ഗുൽ എന്ന മാധ്യമപ്രവർത്തകനെയാണ് ജമ്മു കശ്മീർ ഭരണകൂടം പൊതുസുരക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ സജാദിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം പ്രതിയെ മൂന്ന് മുതൽ ആറുമാസം വരെ വിചാരണ കൂടാതെ തടവിലിടാനുള്ള വകുപ്പുണ്ട്.

സജാദ് ഗുൽ ഒരു ന്യൂസ് പോർട്ടലിന്‍റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ട് തീവ്രവാദ വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. ദേശവിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ ആക്ഷേപകരമായ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സജാദിന്‍റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരാണെന്നും പൊലീസ് ആരോപിച്ചു.

ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസിൽ ഇന്നലെ സജാദിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചെങ്കിലും പൊലീസ് വിട്ടയക്കാൻ വിസമ്മതിക്കുകയും തുടർന്ന് പി.എസ്‌.എ പ്രകാരം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മറ്റൊരു കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം സജാദ് ഗുലിനെ വധശ്രമം നടത്തിയെന്നാരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സജാദിന്‍റെ അഭിഭാഷകൻ പറഞ്ഞു. സജാദിനെ ജമ്മുവിലെ കോട് ബൽവാൽ ജയിലിലേക്ക് മാറ്റിയതായി കാശ്മീർ പൊലീസ് അറിയിച്ചു.

Tags:    
News Summary - Journalist arrested in Kashmir under Public Security Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.