മോദിയോട് ബൈഡൻ: ‘മനുഷ്യാവകാശം മാനിക്കണം’

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മനുഷ്യാവകാശം മാനിക്കേണ്ടതിന്റെ പ്രാധാന്യം ഉണർത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി 20 ഉച്ചകോടിക്കു ശേഷം വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇന്ത്യ സന്ദർശനത്തെയും മോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും യു.എസ് പ്രസിഡന്റ് പറഞ്ഞത്.

ശക്തവും സമൃദ്ധപൂർണവുമായ രാഷ്ട്രനിർമിതിയിൽ പൗരസമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നിർണായക പങ്കും എപ്പോഴുമെന്നപോലെ നരേന്ദ്ര മോദിക്ക് മുമ്പാകെ ഉന്നയിച്ചുവെന്നും ജോ ബൈഡൻ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റുമായി സെപ്റ്റംബർ എട്ടിന് തന്റെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ബൈഡനോടൊപ്പം എത്തിയ മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടുവെങ്കിലും ഇന്ത്യ അനുവാദം നൽകിയിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കിയ വൈറ്റ് ഹൗസ് വക്താവ്, വിയറ്റ്നാമിൽ എത്തിയാൽ പ്രസിഡന്റ് വാർത്തസമ്മേളനം നടത്തുമെന്നും ഇന്ത്യ സന്ദർശനത്തെ കുറിച്ച് അവിടെ ചോദിക്കാമെന്നും അമേരിക്കൻ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്തുമെന്ന് താനും മോദിയും ചർച്ച നടത്തിയെന്ന് ബൈഡൻ പറഞ്ഞു. കഴിഞ്ഞ ജൂണിൽ മോദിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിന്റെ തുടർച്ചയാണ് ഈ കൂടിക്കാഴ്ച. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ പഠിപ്പിക്കുന്നതുപോലെയായിരുന്നില്ല ആരോഗ്യകരമായ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് മോദിയോട് സംസാരിച്ചതെന്നും എല്ലാവരും ഒരു പോലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന നിലയിലായിരുന്നുവെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിലിലെ ഇന്ത്യ-പസിഫിക് കോ ഓർഡിനേറ്റർ കേർട്ട് കാംപ്ബെൽ പറഞ്ഞു. 

Tags:    
News Summary - Joe Biden says he raised 'human rights, free press’ issues with PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.