പട്ന: ബിഹാറിൽ എല്ലാ ഭിന്നതകളും പരിഹരിച്ച് ഉടൻ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് അറിയിച്ച് മണിക്കൂറുകൾക്കം മഹാഗഡ്ബന്ധൻ സഖ്യത്തിൽ പൊട്ടിത്തെറി. സഖ്യം വിട്ട ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് ആറ് സീറ്റുകളിലാണ് ജെ.എം.എം സ്വതന്ത്രരായി മത്സരിക്കുക. ഒക്ടോബർ 20 ആണ് രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23ഉം.
സീറ്റ് വിഭജനം പൂർത്തിയാക്കിയ എൻ.ഡി.എ ഒന്നാംഘട്ട പ്രചാരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് മഹാസഖ്യത്തിലെ സീറ്റ് വിഭജനം ഇപ്പോഴും അന്തിമ ഘട്ടത്തിലെത്തിയിട്ടില്ല. അതിനിടയിലാണ് മത്സരിക്കാൻ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്ന് കണ്ടപ്പോൾ ജെ.എം.എം സ്വതന്ത്രരായി നിൽക്കാൻ തീരുമാനിച്ചത്.
''ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വന്തം നിലക്ക് മത്സരിക്കാൻ തീരുമാനിച്ചു. ചകായ്, ധംദാഹ, കടോറിയ (എസ്.ടി), മണിഹാരി (എസ്.ടി), ജാമുയി, പിർപൈന്തി എന്നീ ആറ് സീറ്റുകളിൽ ഞങ്ങൾ സ്ഥാനാർഥികളെ നിർത്തും. ''-ജെ.എം.എം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ഈ ആറുസീറ്റുകളിലേക്കും നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. സീറ്റ് വിഭജനം സംബന്ധിച്ച് മഹാസഖ്യത്തിലെ എല്ലാ ഘടക കക്ഷികളുമായും ബന്ധപ്പെട്ടതായും ഭട്ടാചാര്യ വ്യക്തമാക്കി. 2019ലെ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് നൽകി പിന്തുണയെകുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ബിഹാറിലെ ചില സീറ്റുകളിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ജെ.എം.എം തേജസ്വി യാദവിനെ അറിയിച്ചിരുന്നു. എന്നാൽ ഒരുതരത്തിലുള്ള ധാരണയിലും എത്താനായില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാൻ തീരുമാനമെടുത്തത്.
ഈ ആറുസീറ്റുകളിലേക്കും നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. നേരത്തേ ഏതാനും സീറ്റുകളിൽ മാത്രമേ അനിശ്ചിതത്വം നിലനിൽക്കുന്നുള്ളൂവെന്നും ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നുമായിരുന്നു മഹാസഖ്യം അറിയിച്ചിരുന്നത്. സഖ്യത്തിലെ സീറ്റ് വിഭജന ചർച്ച നീണ്ടുപോകുന്നതിനെ പരിഹസിച്ച് എൻ.ഡി.എ രംഗത്തുവന്നിരുന്നു.
സ്വന്തം സഖ്യത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിയാത്ത മഹാസഖ്യമാണോ ബിഹാറിലെ ജനങ്ങളുടെ കാര്യങ്ങൾ തീർപ്പാക്കുക എന്നായിരുന്നു എൻ.ഡി.എയുടെ ചോദ്യം. എന്നാൽ ബിഹാറിൽ ഇതിനെല്ലാം ജനം മറുപടി പറയുമെന്നും നിതീഷ് കുമാറിനെയും ബി.ജെ.പിയെയും ജനം തൂത്തെറിയുമെന്നുമായിരുന്നു കോൺഗ്രസിന്റെ മറുപടി.
ബിഹാറിൽ നവംബർ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബർ 14ന് ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.