ന്യൂഡൽഹി: രാജ്യത്ത് പാഴ്സി ജനസംഖ്യ വർധിപ്പിക്കാൻ ജിയോ പാഴ്സി എന്ന പദ്ധതി വ്യാപിക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം രംഗത്ത്. പാഴ്സി യുവാക്കളിൽ ഭൂരിഭാഗവും വിവാഹത്തോട് താൽപര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതായത് പാഴ്സി സമുദായത്തിലെ പ്രായപൂർത്തിയായവരിൽ 30 ശതമാനം യുവാക്കളും അവിവാഹിതരായി തുടരുന്നു. ഈ സാഹചര്യത്തിലാണ് പാഴ്സി യുവതി-യുവാക്കൾക്കിടയിൽ ഓൺലൈൻ ഡേറ്റിങ്ങും വിവാഹാലോചനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതിയുമായി കേന്ദ്രം മുന്നിട്ടിറങ്ങിയത്.
പാഴ്സി സമുദായത്തിലെ ഫെർട്ടിലിറ്റി നിരക്ക് ദമ്പതികൾക്ക് 0.8 ശതമാനം എന്ന നിലയിലാണ്. അതിനാൽ പാഴ്സി യുവാക്കളിൽ വിവാഹം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അനിവാര്യമാണെന്ന് പാഴ്സർ ഫൗണ്ടേഷൻ ഡയറക്ടർ ഷെർനാസ് കാമ പറയുന്നു. ഈ സമുദായത്തിൽ ഒരു വർഷം 200 നും 300നുമിടയിൽ കുട്ടികൾ ജനിക്കുമ്പോൾ ശരാശരി 800 പേർ മരണപ്പെടുന്നു. ഹിന്ദു,മുസ്‍ലിം,സിഖ്,ക്രിസ്ത്യൻ സമുദായങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ജനനനിരക്ക് വളരെയധികം കുറവാണെന്നു കാണാം. ദേശീയ ആരോഗ്യ-കുടുംബ ക്ഷേമ സർവേയനുസരിച്ച് ഹിന്ദു സമുദായത്തിലെ ഫെർട്ടിലിറ്റി നിരക്ക് 1.94 ശതമാനവും മുസ്‍ലിം വിഭാഗത്തിലേത് 2.36ഉം ക്രിസ്ത്യൻ സമുദായത്തിൽ 1.88 ശതമാനവും, സിഖ് വിഭാഗത്തിൽ 1.61ശതമാനവും ആണ്.
2011ലെ സെൻസസ് പ്രകാരം 57,264 പാഴ്സികളാണ് രാജ്യത്തുള്ളത്.1941ൽ 1,14,000 പാഴ്സികളാണ് രാജ്യത്തുണ്ടായിരുന്നത്. പാഴ്സി സമൂഹത്തിന്റെ ജനസംഖ്യ സന്തുലിതമാക്കാനും മൊത്തം ഫെർട്ടിലിറ്റി നിരക്ക് വർധിപ്പിക്കാനും ലക്ഷ്യമിട്ട് 2013ലാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ജിയോ പാഴ്സി പദ്ധതി തുടങ്ങിയത്. ഇതിനായി ഓരോ വർഷവും നാലു മുതൽ അഞ്ചു കോടി രൂപ വരെ ബജറ്റിൽ വകയിരുത്തുന്നുണ്ട്.
വിവാഹം കഴിക്കുന്നവരിൽ 30ശതമാനത്തിനും ശരാശരി ഒരു കുട്ടി വീതമുണ്ട്. ഇതിൽ 30ശതമാനം ആളുകൾക്കും 65 വയസിനു മുകളിലാണ് പ്രായം. പാഴ്സി സമുദായത്തിൽ വിവാഹിതരാകുന്ന സ്ത്രീകളുടെ ശരാശരി പ്രായം 28ഇം പുരുഷൻമാരുടെത് 31 വയസുമാണ്. സ്ത്രീകളാണ് വിവാഹം കഴിക്കാൻ കൂടുതലും മടിക്കുന്നത്. സ്ത്രീ ശാക്തീകരണവും കുടുംബത്തിലെ പ്രായമായവരെ പരിചരിക്കുന്നതും ഇതിന്റെ കാരണങ്ങളാണെന്ന് ചൂണ്ടിക്കാണിക്കുന്നു. വിവാഹം കഴിക്കാൻ താൽപര്യമില്ലാത്ത യുവാക്കളുടെ മനസുമാറ്റുകയാണ് പദ്ധതിയുടെ ആദ്യപടി. പാഴ്സിക്കാർ മറ്റു മതങ്ങളിൽനിന്നുള്ളവരെ വിവാഹം കഴിക്കുമ്പോൾ ജനിക്കുന്ന കുട്ടികളെ ആ സമുദായത്തിൽ ഉൾപ്പെടുത്താൻ താൽപര്യം കാണിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.