file
റാഞ്ചി: ഝാർഖണ്ഡിൽ വൻ അട്ടിമറിക്ക് കളമൊരുക്കി ബി.ജെ.പിയുടെ നീക്കം. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ഡൽഹിയിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽ തുടരുന്ന ഇരുവരും ബുധനാഴ്ച റാഞ്ചിയിൽ മടങ്ങിയെത്തുമെന്നാണ് വിവരം.
സംസ്ഥാനത്ത് ഒരു അധികാര മാറ്റം കാണാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് പിളർപ്പിന് പിന്നിലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ഝാർഖണ്ഡ് മുക്തി മോർച്ച ശ്രമിച്ചിരുന്നു. എന്നാൽ ആർ.ജെ.ഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഝാർഖണ്ഡിൽ ആകെയുള്ള 81 നിയമസഭാ സീറ്റുകളിൽ ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യത്തിനു 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെ.എം.എമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിനു നാലും ഇടതുപക്ഷത്തിനു രണ്ടും സീറ്റുകളുണ്ട്.
ബി.ജെ.പിക്ക് 21 സീറ്റുകളുണ്ട്. എൽ.ജെ.പി ഒന്ന്, എ.ജെ.എസ്‌യു ഒന്ന്, ജെ.ഡി.യു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ജെ.എം.എം ബി.ജെ.പിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കിൽ സഖ്യത്തിൽ 58 എം.എൽ.എമാരുണ്ടാകും. 16 കോൺഗ്രസ് എം.എൽ.എമാരിൽ കുറഞ്ഞത് എട്ട് പേരെങ്കിലും തങ്ങളുടെ ചേരിയിലെത്തുമെന്നും ബി.ജെ.പി പ്രതീക്ഷ.
ജെ.എം.എം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നൽകുന്ന കാര്യം പരിഗണിക്കുക, അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെതിരെ ഇ.ഡിയുടെ നിലവിലുള്ള കേസുകൾ പിൻവലിക്കുക തുടങ്ങി ലക്ഷ്യങ്ങളാണ് ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) നീക്കത്തിനു പിന്നിലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.