തമിഴകം പൊരിയുന്നു; സംസ്ഥാനം  പൂര്‍ണമായി സ്തംഭിച്ചു

ചെന്നൈ: ജെല്ലിക്കെട്ടിനുവേണ്ടി തമിഴ്നാട്ടില്‍ ആബാലവൃദ്ധം സമരഭൂമിയില്‍. വിദ്യാര്‍ഥികളും യുവജനങ്ങളും തുടക്കംകുറിച്ച പ്രക്ഷോഭം പൊതുജനം ആഘോഷപൂര്‍വം ഏറ്റെടുത്തതോടെ വെള്ളിയാഴ്ച ജീവിതം സ്തംഭിച്ചു. തൊഴിലാളി - വ്യാപാരി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക്- കടയടപ്പ് സമരം തമിഴ്നാട്ടിലും പുതുച്ചേരിയിലും ബന്ദായി. റോഡ് - ട്രെയിന്‍ ഗതാഗതം മുടങ്ങി. 

ഹോട്ടലുകളും ചന്തകളും സിനിമാ തിയറ്ററുകളും മരുന്നുകടകളും അടഞ്ഞുകിടന്നു.  പെട്രോള്‍ ബങ്കുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു. ബസുകള്‍, ഓട്ടോ, ടാക്സി, ഓണ്‍ലൈന്‍ ടാക്സി, ലോറി എന്നിവയും നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അധ്യാപകരും  സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗവും പണിമുടക്കി. ഡി.എം.കെ ശനിയാഴ്ച ഒരു ദിവസത്തെ നിരാഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളുണ്ടായില്ല.
സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഹാരം കിട്ടാതെ നിരവധിപേര്‍ വലഞ്ഞു. വിമാന സര്‍വിസുകളെ ബാധിച്ചിട്ടില്ല. ചെന്നൈ മാമ്പലം സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍, സഹോദരി കനിമൊഴി എം.പി, മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍ എന്നിവരെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
 പ്രക്ഷോഭത്തിന്‍െറ സിരാകേന്ദ്രമായ ചെന്നൈ മറീന ബീച്ചിലും മധുര അളകാനല്ലൂരിലും പതിനായിരങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. 32 ജില്ല ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സമരം ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയാണ്. പ്രതിഷേധക്കാര്‍ കാളകളുമായാണ് റോഡുകള്‍ കൈയടക്കിയിരിക്കുന്നത്. നാഗപട്ടണം, രാമേശ്വരം ജില്ലകളിലെ  തൊഴിലാളികള്‍ കടലില്‍ പോയില്ല. നാലായിരം ബോട്ടുകള്‍ സമരപതാകകള്‍ ഉയര്‍ത്തി തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. ഐ.ടി ജീവനക്കാരും സമരത്തിലാണ്. ഡല്‍ഹിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സമരം നടന്നു. ശ്രീലങ്ക, അമേരിക്ക, യു.കെ, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.സുപ്രീംകോടതി  2014 മേയില്‍ നിരോധിച്ച ജെല്ലിക്കെട്ട് പുനരാരംഭിക്കാന്‍ കേന്ദ്രം പ്രത്യേക നിയമനിര്‍മാണം നടത്തണമെന്നും ജെല്ലിക്കെട്ടിനെതിരെ നിയമപോരാട്ടം നടത്തുന്ന സര്‍ക്കാറിതര സംഘടനയായ ‘പെറ്റ’യെ നിരോധിക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.


ഓര്‍ഡിനന്‍സ് ഉടന്‍ മുഖ്യമന്ത്രി
ചെന്നൈ: ജെല്ലിക്കെട്ടിനുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറങ്ങുമെന്നും വാടിവാസല്‍ ഉടന്‍ തുറക്കുമെന്നും മുഖ്യമന്ത്രി പന്നീര്‍സെല്‍വം. കാളപ്പോരിനായി ജനക്കൂട്ടത്തിലേക്ക് കാളകളെ ഇറക്കിവിടുന്ന ഇടുങ്ങിയ സ്ഥലമാണ് വാടിവാസല്‍. സംസ്ഥാനം തയാറാക്കിയ ഓര്‍ഡിനന്‍സിന്‍െറ കരട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും രാഷ്ട്രപതിക്കും കൈമാറി. ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രമന്ത്രി അനില്‍ ദവെ മന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  
അതിനിടെ, ജെല്ലിക്കെട്ടിന് പ്രത്യേക നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈകോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിക്കാനാകില്ളെന്ന് ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.  

ട്രെയിനുകള്‍ തടസ്സപ്പെട്ടു; പലതും വഴിതിരിച്ചുവിട്ടു
ചെന്നൈ: ജെല്ലിക്കെട്ട് സമരം മേഖലയിലെ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. തമിഴ്നാട്ടിനുള്ളില്‍ സര്‍വിസ് നടത്തുന്ന ചില വണ്ടികള്‍ റദ്ദാക്കി. കേരളത്തിലേക്കുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലും സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ വഴിതിരിച്ചുവിട്ടു. മധുരവഴി കടന്നുപോകുന്ന മിക്ക വണ്ടികളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്.  ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (നമ്പര്‍ 16128) വിരുതുനഗര്‍, അറുപ്പുകോട്ടൈ, മാനാമധുരൈ, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിട്ടു. ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് (16723) തിരുച്ചിറപ്പള്ളി, കാരൈകുടി, മാനാമധുരൈ, വിരുതുനഗര്‍ വഴി തിരിച്ചുവിട്ടു. പുനലൂര്‍-മധുരൈ പാസഞ്ചര്‍ (56701), പാലക്കാട് ടൗണ്‍-തിരുച്ചെന്തൂര്‍-പാലക്കാട് ടൗണ്‍ (56769/ 06769) എന്നിവ വെള്ളിയാഴ്ച ഭാഗികമായി റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന പുനലൂര്‍-മധുര പാസഞ്ചര്‍ (56701) റദ്ദാക്കി.

Tags:    
News Summary - Jellikkettu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.