ശ്രീനഗർ: ജമ്മു കശ്മീർ പൊലീസിന്റെ തലവനായിരുന്ന അവസാനത്തെ കശ്മീരി മുസ്‍ലിം ഗുലാം ജീലാനി പണ്ഡിറ്റ് അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. ശ്രീനഗറിലെ പഴയ നഗരമായ ജമലതയിലുള്ള പൂർവികരുടെ ഖബറിടത്തിൽ സംസ്കാരം നടന്നു.
നിലവിലെ ഡി.ജി.പി നിലിൻ പ്രഭാത്, പണ്ഡിറ്റിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപിക്കുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. പണ്ഡിറ്റിന് ഭാര്യയും മകനും രണ്ട് പെൺമക്കളുമുണ്ട്. 1933 ഫെബ്രുവരി 22ന് ശ്രീനഗറിൽ ജനിച്ച പണ്ഡിറ്റ് പൊലീസിൽ ചേരുകയും പല പദവികളിലൂടെ ഉയർന്ന് 1987 മെയ് 21ന് ഡി.ജി.പിയായി ചുമതലയേൽക്കുകയും ചെയ്തു.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് മൂന്നര പതിറ്റാണ്ടുകൾക്കു ശേഷമാണ് അന്ത്യം. 1987 മുതൽ 1989 വരെ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലായിരുന്നു പണ്ഡിറ്റ്. കശ്മീർ പ്രക്ഷുബ്ധമായി തുടങ്ങിയ വർഷങ്ങളായിരുന്നു അത്. 1988 ഒക്ടോബർ 12ന്, ആയുധ പരിശീലനം ലഭിച്ച 100റോളം കശ്മീരികൾ നിയന്ത്രണ രേഖക്ക് ഇപ്പുറത്തേക്ക് തിരിച്ചെത്തിയെന്നും ഒരാഴ്ച നീണ്ടുനിന്ന സൈനിക നടപടിയിലൂടെ അവരിൽ 72 പേരെ പിടികൂടിയെന്നും പണ്ഡിറ്റ് ഒരു വൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ഡി.ജി.പിയായിരുന്ന പണ്ഡിറ്റിന്റെ കാലയളവ് ചെറിയ ചില കലാപങ്ങൾക്കും സാക്ഷ്യം വഹിച്ചു. 1989 ഡിസംബർ 20ന് അദ്ദേഹത്തെ നീക്കം ചെയ്തതിനു പിന്നാലെ കശ്മീർ ബഹുജന പ്രക്ഷോഭത്തിലേക്ക് നീങ്ങി. കേന്ദ്രത്തിലെ വി.പി സിങ് സർക്കാർ പിന്തുടർന്ന പുതിയ കടുത്ത നിലപാടിന്റെ ഭാഗമായിട്ടായിരുന്നു ആ മാറ്റമെന്ന് ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. 1990 ജനുവരി 21ന് നടന്ന ‘ഗാവ് കടൽ കൂട്ടക്കൊല’യിൽ സൈന്യം വൻതോതിൽ സാധാരണക്കാരെ കൊലപ്പെടുത്തിയതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്.
100 വർഷത്തോളം നീളുന്ന ചരിത്രത്തിൽ സംസ്ഥാന പൊലീസിന്റെ തലവനായ രണ്ടാമത്തെയും അവസാനത്തെയും പ്രാദേശിക മുസ്‍ലിമായിരുന്നു ഗുലാം ജീലാനി പണ്ഡിറ്റെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ മന്ത്രിയുമായ നയീം അക്തർ ‘എക്‌സി’ൽ അനുസ്മരിച്ചു. ജമ്മു കശ്മീർ പൊലീസിനെ നയിച്ച മറ്റൊരു കശ്മീരി മുസ്‍ലിം പീർ ഹസൻ ഷാ ആയിരുന്നു. അദ്ദേഹം 1982ൽ സേനയുടെ ആദ്യത്തെ ഡി.ജി.പിയായി. അതുവരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്നു സേനയെ നയിച്ചത്. പീർ ഹസൻ ഷാ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
പണ്ഡിറ്റിനു ശേഷം, ഡി.ജി.പിയായ ഏക കശ്മീരി കുൽദീപ് ഖോഡ ആയിരുന്നു. എന്നാൽ, അദ്ദേഹം ഒരു ഹിന്ദുവായിരുന്നു. കഴിഞ്ഞ 36 വർഷത്തിനിടയിൽ ഡി.ജി.പിമാരായ മിക്കവരും തദ്ദേശീയരല്ലാത്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.