ലഡാക്ക്: ലഹരിമരുന്ന് കടത്തിൽ ആരോപണ വിധേയരായവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ ജമ്മു കശ്മീർ ഭരണകൂടം ശുപാർശ ചെയ്തു. ലഹരിമരുന്ന് വ്യാപനത്തെ അണുബാധ എന്ന് വിശേഷിപ്പിച്ച ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ലഹരിവിരുദ്ധ വേട്ട ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. അറസ്റ്റിലായ ലഹരിമരുന്ന് കടത്തുകാരുടെ 116ഓളം പാസ്‌പോർട്ടുകൾ റദ്ദാക്കാനാണ് ജമ്മു കശ്മീർ ഭരണകൂടം ശിപാർശ നൽകിയിട്ടുള്ളത്.
ജമ്മു കശ്മീരിലെ ക്രമസമാധാന ചുമതലയുള്ള ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ലഹരിമരുന്ന് കടത്തിനും വിതരണത്തിനുമെതിരെയുള്ള നടപടികൾ ശക്തമാക്കുകയും കേന്ദ്രഭരണ പ്രദേശത്തെ ഓരോ ജില്ലകളിലും നേരിട്ടെത്തി ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്. ശനിയാഴ്ച ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സിൻഹ നയിച്ച പദയാത്രയിൽ 50,000-ത്തോളം ആളുകൾ പങ്കെടുത്തു.
ഭീകര സംഘടനകൾ ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആയുധങ്ങൾ വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ആ ആയുധങ്ങൾ ഉപയോഗിച്ച് സാധാരണക്കാരായ കശ്മീരികളുടെ രക്തമാണ് ഒഴുക്കുന്നതെന്നും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു. ലഹരിമരുന്ന് ശൃംഖലയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുകയോ അതിന് പിന്തുണ നൽകുകയോ ചെയ്താൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മെയ് 11-നാണ് 'ലഹരിമുക്ത ജമ്മു കശ്മീർ കാമ്പയിൻ' ആരംഭിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 797 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 890-ലധികം ലഹരിമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയ 81 സ്വത്തുക്കൾ ഇതുവരെ പൊളിച്ചുനീക്കി. റദ്ദാക്കാൻ ശുപാർശ ചെയ്ത 116 പാസ്‌പോർട്ടുകളിൽ 94 എണ്ണം ജമ്മുവിലും 22 എണ്ണം കശ്മീരിലുമാണ്.
ലഹരിക്ക് അടിമപ്പെട്ട യുവാക്കളെ ലഹരിമുക്ത പരിപാടികളിലൂടെ മോചിപ്പിച്ച് അവർക്ക് ജോലിയും തൊഴിലും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരിക കൂടിയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് സിൻഹ പറഞ്ഞു. ജമ്മു കശ്മീരിൽ ഏഴായിരത്തിലധികം വനിതാ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റികളെ ശാക്തീകരിക്കുകയും അവർക്ക് ഫലപ്രദമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് ഇപ്പോൾ ഭരണകൂടത്തിന്റെ കടമയാണെന്നും സിൻഹ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.