ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ ഇതര മുസ്ലിം സംഘടനകളുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് (ജെ.ഐ.എച്ച്). വഖഫ് ഭേദഗതി ബിൽ 2024 വഴി വഖഫ് ഭൂമി കൈയടക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനൊപ്പം മുസ്ലിം സംഘടനകളുമായി ചേർന്ന് സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ജെ.ഐ.എച്ച് വൈസ് പ്രസിഡന്റ് പ്രഫ. സലീം എൻജിനീയർ പറഞ്ഞു. ജെ.ഐ.എച്ച് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളുടെ മതപരവും ഭരണഘടനപരവുമായ അവകാശങ്ങൾക്ക് ഭീഷണിയായ വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നു. സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) പക്ഷപാതപരമായി പെരുമാറി. പ്രതിപക്ഷ ശബ്ദങ്ങൾ അവഗണിച്ചു. ഇത്രയും വ്യാപകമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും ബിൽ മുന്നോട്ട് കൊണ്ടുപോകുകയാണ്.
ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം തേടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും പ്രഹസനമായി. പരിഷ്കരണമെന്ന വ്യാജേന വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ബില്ലിലൂടെ ശ്രമം നടക്കുന്നത്. ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന തത്ത്വം നീക്കം ചെയ്യുന്നത് ദീർഘകാലമായി ഉപയോഗത്തിലിരിക്കുന്ന പള്ളികളും ദർഗകളുമടക്കമുള്ളവയുടെ മുന്നോട്ടുപോക്കിനെത്തന്നെ പ്രതിസന്ധിയിലാക്കും.
മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ നേതൃത്വം അനുശോചിച്ചു. സംഭവത്തിൽ കേന്ദ്രവും യു.പി സർക്കാറും ഉത്തരവാദിത്തമേറ്റെടുക്കണമെന്നും അടിയന്തരമായി സുരക്ഷ പിഴവുകൾ പരിഹരിക്കണമെന്നും ദേശീയ സെക്രട്ടറി സയ്യിദ് തൻവീർ അഹ്മദ് പറഞ്ഞു.
അപകടസമയത്ത് ക്രിയാത്മകമായി ഇടപെടാൻ പരിസരത്തെ മുസ്ലിം വിഭാഗങ്ങൾ രംഗത്തെത്തിയത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.