തമിഴ് രോഷത്തിന് കേന്ദ്രവും സുപ്രീംകോടതിയും വഴങ്ങി

ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിനുവേണ്ടി തമിഴ് ജനത പ്രക്ഷോഭം ശക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നിലപാട് മാറ്റി. ജെല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ സംസ്ഥാന സര്‍ക്കാറിനുതന്നെ അയച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ അപൂര്‍വ നടപടിയില്‍, വാദം കേള്‍ക്കല്‍ കഴിഞ്ഞ് വിധി പറയാനിരുന്ന കേസില്‍ ഒരാഴ്ച കഴിയാതെ വിധി പറയരുതെന്ന കേട്ടുകേള്‍വിയില്ലാത്ത ആവശ്യം അംഗീകരിക്കാന്‍ പരമോന്നത കോടതി തയാറായി.

തമിഴ്നാട്ടിലുയരുന്ന പ്രക്ഷോഭം പരിഗണിക്കണമെന്ന ആവശ്യം വ്യാഴാഴ്ച  തള്ളിക്കളഞ്ഞ സുപ്രീംകോടതി ഹരജിക്കാരനോട് മദ്രാസ് ഹൈകോടതിയെ സമീപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

തമിഴ് ജനതയുടെ സമ്മര്‍ദത്തിന് വഴങ്ങിയ കേന്ദ്ര സര്‍ക്കാര്‍, തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിന്‍െറ കരട് പരിഗണനക്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി പന്നീര്‍സെല്‍വം ഓര്‍ഡിനന്‍സിന്‍െറ കരട് രാവിലെ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതിന് പിറകെ തമിഴ്നാട്ടില്‍നിന്നുള്ള എം.പിമാര്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കാണുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട് അയച്ച കരട് ഓര്‍ഡിനന്‍സ് അഭിപ്രായം അറിയാന്‍ ആഭ്യന്തര മന്ത്രാലയം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു. അഭിപ്രായം രേഖപ്പെടുത്തി മണിക്കൂറുകള്‍കൊണ്ട് കരട് ഓര്‍ഡിനന്‍സ് വനം-പരിസ്ഥിതി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനുതന്നെ തിരിച്ചുനല്‍കിയെന്ന് മന്ത്രി അനില്‍ മാധവ് ദാവേ വ്യക്തമാക്കി.

അതേസമയം, രാവിലെ ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലെ ബെഞ്ച് മുമ്പാകെ എത്തിയ അറ്റോണി ജനറല്‍ മുകുല്‍ രോഹതഗി സുപ്രീംകോടതിയില്‍ കേട്ടുകേള്‍വിയില്ലാത്ത ആവശ്യമാണ് ഉന്നയിച്ചത്. വാദം കേള്‍ക്കല്‍ കഴിഞ്ഞ് വിധി പറയാനായി വെച്ച കേസില്‍ തമിഴ്നാട്ടിലെ പ്രക്ഷോഭം കണക്കിലെടുത്ത് ചുരുങ്ങിയത് ഒരാഴ്ച കഴിയാതെ വിധി പറയരുതെന്നായിരുന്നു അറ്റോണി ജനറലിന്‍െറ ആവശ്യം. ക്രൂരതകളില്ലാതെ ജെല്ലിക്കെട്ടും കാളപൂട്ടും അടക്കമുള്ള കായിക വിനോദങ്ങള്‍ക്ക് അനുമതി നല്‍കി 2016ല്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്.

ശനിയാഴ്ച ചേരുന്ന തമിഴ്നാട് മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനായി ഗവര്‍ണര്‍ക്ക് കൈമാറും. മഹാരാഷ്ട്രയുടെ കൂടി ചുമതലയുള്ള  ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശനിയാഴ്ച രാവിലെ ചെന്നൈയിലത്തെി  ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ.

 

Tags:    
News Summary - Jallikatu: Tamil Nadu ordinance allowing it cleared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.