ഗവർണർ ഓര്‍ഡിനന്‍സിൽ ഒപ്പുവെച്ചു; തമിഴ്നാട്ടിൽ നാളെ ജെല്ലിക്കെട്ട്

ചെന്നൈ: മൂന്നു വർഷം നീണ്ട നിരോധത്തിനൊടുവിൽ തമിഴ്നാട്ടിൽ നാളെ ജെല്ലിക്കെട്ട് കളങ്ങൾ വീണ്ടും ഉണരും. ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സംസ്ഥാന സർക്കാർ ഓര്‍ഡിനന്‍സിൽ ഗവർണർ വിദ്യാസാഗർ റാവു ഒപ്പുവെച്ചതോടെയാണ് നടപടി.  

തമിഴ്നാട് സർക്കാർ മേൽനോട്ടത്തിൽ നാളെ മധുരയിൽ ജെല്ലിക്കെട്ട് ആഘോഷങ്ങൾക്ക് തുടക്കമാവും. ക്രമീകരണങ്ങൾക്കായി  മധുരയിലെത്തി മുഖ്യമന്ത്രി ഒ. പന്നീർസെൽവം നേതൃത്വം നൽകുന്നുണ്ട്. മധുരയിലെ ആലംഗനെല്ലൂരിൽ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം മറ്റു മന്ത്രിമാർ ബന്ധപ്പെട്ട ജില്ലാ ആസ്ഥാനങ്ങളിലും ഉദ്ഘാടനം നിർവഹിക്കും. തമിഴ് ജനതയുടെ സാംസ്കാരിക ഉത്സവമായ ജെല്ലിക്കെട്ട് തിരികെകൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയിരുന്നു.

ജെല്ലിക്കെട്ടിനെതിരെ നിയമപോരാട്ടം നടത്തുന്ന സര്‍ക്കാറിതര സംഘടനയായ ‘പെറ്റ’യെ സംസ്ഥാനത്ത് നിരോധിക്കാൻ നിയമപരമായ നീക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. സർക്കാർ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറങ്ങുമെന്നും വാടിവാസല്‍ ഉടന്‍ തുറക്കുമെന്നും മുഖ്യമന്ത്രി പന്നീര്‍സെല്‍വം ഇന്നലെ വ്യക്തമാക്കിയിരുന്നു. കാളപ്പോരിനായി ജനക്കൂട്ടത്തിലേക്ക് കാളകളെ ഇറക്കിവിടുന്ന ഇടുങ്ങിയ സ്ഥലമാണ് വാടിവാസല്‍. 

ജെല്ലിക്കെട്ടിനുവേണ്ടി തമിഴ്നാട്ടിലെ വിദ്യാര്‍ഥികളും യുവജനങ്ങളും തുടക്കംകുറിച്ച പ്രക്ഷോഭം പൊതുജനം ആഘോഷപൂര്‍വം ഏറ്റെടുത്തതോടെ ജനജീവിതം സ്തംഭിച്ചിരുന്നു. പ്രക്ഷോഭത്തിന്‍െറ സിരാകേന്ദ്രമായ ചെന്നൈ മറീന ബീച്ചിലും മധുര അളകാനല്ലൂരിലും പതിനായിരങ്ങള്‍ തമ്പടിച്ചിരുന്നു. 32 ജില്ല ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സമരം ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരുന്നു. സുപ്രീംകോടതി 2014 മേയിലാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. 

Tags:    
News Summary - Jallikattu Returns As Tamil Nadu Governor Approves Ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.