ന്യൂഡൽഹി: കനത്ത സുരക്ഷക്കിടയിലും ഹോളി ആഘോഷത്തിനിടെ ഉത്തർപ്രദേശിൽ പ്രകോപന ശ്രമം. സംഭാലിൽ പള്ളിയിൽ കയറി ചിലർ ജയ് ശ്രീറാം എന്ന് പെയിന്റ് ചെയ്തു. ടർപോളിൻ കൊണ്ട് മൂടിയ പള്ളിയിൽ നിറങ്ങൾ എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമമുണ്ടായി. ഹോളി ആഘോഷത്തിനിടെ യു.പിയിൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷമറികടന്നാണ് പ്രകോപനശ്രമമുണ്ടായത്.
വെള്ളിയാഴ്ച സംഭാലിൽ ഹോളിആഘോഷത്തിനിടെ പള്ളിയുടെ കവാടത്തിൽ നിറങ്ങൾ എറിയുകയും ജയ്ശ്രീറാം എന്ന് പെയിന്റ് ചെയ്യുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റി ഹയാത്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹർസ്വരൂപ്, ശിവം, വിനോദ് എന്നിവരാണ് പള്ളിക്ക് നേരെ നിറങ്ങൾ എറിഞ്ഞതെന്നാണ് പരാതി. പള്ളിയുടെ കവാടത്തിൽ ജയ് ശ്രീറാം എന്നെഴുതുകയും ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ അലിഗഢിലും സമാനസംഭവമുണ്ടായി. അബ്ദുൽ കരീം ചൗക്കിലെ അബ്ദുൽ കരീം മസ്ജിദിന് നേരെയായിരുന്നു നിറങ്ങൾ എറിഞ്ഞത്. ഹോളിയോട് അനുബന്ധിച്ച് പള്ളി ടർപോളിൻ കൊണ്ട് പൊതിഞ്ഞിരുന്നു. പള്ളിക്ക് മുന്നിൽ ആൾക്കൂട്ടം വർഗീയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
നേരത്തെ ഹോളി ആഘോഷത്തിന് മുന്നോടിയായി സംഭാലിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. നിരീക്ഷണത്തിനായി ഡ്രോണുകൾ സ്ഥാപിക്കുകയും 100ഓളം പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.