അമ്മാവന്റെ മരണവിവരം ആദ്യമറിഞ്ഞത് ജഗൻ റെഡ്ഡി; കൊലപാതകത്തിൽ ജഗന്റെ പങ്കും അന്വേഷിക്കണം -സി.ബി.ഐ

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുൻ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വൈ.എസ്. അവിനാശ് റെഡ്ഡിയുടെ മുൻ കൂർ ജാമ്യാപേക്ഷയിൽ സത്യവാങ്മൂലം നൽകി സി.​ബി.ഐ. കേസിൽ അവിനാശ് റെഡ്ഡിയുടെ പിതാവ് ഭാസ്കര റെഡ്ഡിയെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ഇന്ന് രാവിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു.

കൊലപാതകം നടന്ന 2019 മാർച്ച് 15ന് തൊട്ടുമുമ്പുള്ള സമയത്ത് അവിനാശ് റെഡ്ഡി വാട്സ് ആപ്പിൽ സജീവമായിരുന്നുവെന്നാണ് സി.ബി.ഐ സത്യവാങ്മൂലത്തിൽ പറയുന്നത്. കൊലപാതകത്തെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് ആദ്യം അറിയിച്ചത് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ആയിരുന്നുവെന്നും അന്വേഷണ ഏജൻസി വെളിപ്പെടുത്തി. അതിനാൽ ജഗൻ മോഹൻ റെഡ്ഡിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. 

കേസുമായി ബന്ധപ്പെട്ട് മറ്റാരുടെയും പേരുകൾ സി.ബി.ഐ സത്യവാങ്മൂലത്തിൽ പറയുന്നില്ല. ജഗൻ മോഹൻ റെഡ്ഡി ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നീതി ആയോഗ് യോഗത്തിൽ പ​ങ്കെടുത്തുകൊണ്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ജഗന്റെ അമ്മാവനാണ് അന്തരിച്ച വിവേകാനന്ദ റെഡ്ഡി.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ച ​വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് വിവേകാനന്ദ റെഡ്ഡി. 2019 മാർച്ചിലാണ് ഇദ്ദേഹത്തെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ആഴ്ചകൾക്ക് മുമ്പായിരുന്നു അത്. സംസ്ഥാന സി.ഐ.ഡിയിലെ പ്രത്യേക അന്വേഷണ സംഘമായിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്നത്. പിന്നീട് സി.ബി.ഐക്ക് കൈമാറി.

Tags:    
News Summary - Jagan Reddy was informed about Uncle's death before public revealed CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.