യോഗി,മൗലാന ജർജിസ് അൻസാരി
യോഗി സർക്കാർ വീണ്ടുംവന്നാൽ മുസ്ലിം വീടുകൾക്ക് ഭീഷണിയെന്ന് പ്രസംഗിച്ച പണ്ഡിതനെതിരെ ബിജെപി രംഗത്ത്
കാൺപൂർ: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ യു.പിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ മുസ്ലിം വീടുകൾക്ക് തീയിടുകയും ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയും ചെയ്യുമെന്ന മൗലാന ജർജിസ് അൻസാരിയുടെ പ്രസംഗം വിവാദമാക്കി ബി.ജെ.പി. ഒക്ടോബർ 29ന് ഉത്തർപ്രദേശിലെ ഔറയ്യയിൽ നടന്ന പരിപാടിയിലായിരുന്നു പ്രസംഗം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.
ഫലസ്തീനിലെയും 2002ലെ ഗുജറാത്ത് കലാപത്തിലെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ ജർജിസ് അൻസാരി, ഉത്തർപ്രദേശിലെ മുസ്ലിംകൾക്കിടയിൽ ഭിന്നതയുണ്ടാകരുതെന്നും രാഷ്ട്രീയമായി ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. മുസ്ലിംകൾക്കിടയിൽ ഭയം സൃഷ്ടിക്കാനും സാമുദായിക ധ്രുവീകരണത്തിനുമാണ് ശ്രമമെന്ന് ബി.ജെ.പി ആരോപിച്ചു. ഇത്തരം പ്രസ്താവനകൾ സമാജ്വാദി പാർട്ടിക്കും കോൺഗ്രസിനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
അതേസമയം, മൗലാനയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്ന് സമാജ്വാദി പാർട്ടി വക്താവ് ദീപക് രഞ്ജൻ പ്രതികരിച്ചു. അതേസമയം പ്രസംഗത്തെ വിമർശിച്ച് ചില മതനേതാക്കളും രംഗത്തുവന്നു. ഉത്തർപ്രദേശിനെ ഫലസ്തീനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് മൗലാന സൈഫ് അബ്ബാസ് നഖ്വിയും മൗലാന ശഹാബുദ്ദീൻ റസ്വി ബറേൽവിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.