വെട്രിമാരൻ, നന്ദിനി

ഐ.ടി ജീവനക്കാരിയെ കൈകാലുകൾ കെട്ടി തീകൊളുത്തികൊന്നു; പിറന്നാൾ ദിനത്തിൽ അരുംകൊല നടത്തിയത് ട്രാൻസ്ജെൻഡർ സുഹൃത്ത്

ചെന്നൈ: ഐ.ടി ജീവനക്കാരിയെ കൈകാലുകൾ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ചെന്നൈയിലെ ഐ.ടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ മധുര സ്വദേശിനി നന്ദിനി (27)യാണ് കൊല്ലപ്പെട്ടത്. 

അരുംകൊല നടത്തിയ ട്രാൻസ്ജെൻഡർ സുഹൃത്ത് മഹേശ്വരി എന്ന വെട്രിമാരനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്ന് വെട്രിമാരൻ പൊലീസിന് മൊഴി നൽകി.

നന്ദിനിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കാട്ടുപ്രദേശത്ത് കൂട്ടികൊണ്ടുപോയി ചങ്ങലയിൽ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അരുംകൊല നടത്തിയത് ബാല്യകാല സുഹൃത്ത്

നന്ദിനി‍യും മഹേശ്വരിയും(വെട്രിമാരൻ) മധുരയിലെ ഗേൾസ് ഹൈസ്കൂളിൽ ഒരിമിച്ച് പഠിക്കുമ്പോഴുള്ള സൗഹൃദമാണ്. പ്ലസ്ടു വരെ ഒരുമിച്ചായിരുന്നു പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം നന്ദിനി ബി.എസ്.സി ഐ.ടി. കോഴ്‌സിന് കോളജില്‍ ചേര്‍ന്നു. വെട്രിമാരന്‍ മറ്റൊരു കോളജിലും ഉന്നതപഠനം തുടര്‍ന്നു. കോളജ് പഠനത്തിന് ശേഷമാണ് നന്ദിനി ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. രണ്ടിടത്തായിരുന്നെങ്കിലും ഇവർ തമ്മിൽ സൗഹൃദം തുടർന്നിരുന്നു. എം.ബി.എ. ബിരുദധാരിയായ വെട്രിമാരന്‍ ഏറെക്കാലം ബംഗളൂരുവില്‍ ജോലിചെയ്തു.

അതിനിടെ ലിംഗസ്വതം ബോധ്യപ്പെട്ട മഹേശ്വരി ശസ്ത്രക്രിയയിലൂടെ വെട്രിമാരനായി മാറി. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വെട്രിമാരനെ കുടുംബം ഉപേക്ഷിച്ചപ്പോഴും നന്ദിനിയും അവരുടെ കുടുംബവും വെട്രിമാരനെ അകറ്റിനിർത്തിയിരുന്നില്ല.

ബംഗളൂരുവിലെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വെട്രിമാരനും തുടർന്ന് ചെന്നൈയിലെത്തി. ഇരുവരും എട്ടു മാസമായി തുരൈപ്പാക്കത്തെ ഐ.ടി സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇതിനിടെ വെട്രിമാരൻ നന്ദിനിയോടു പ്രണയാഭ്യർഥന നടത്തിയെങ്കിലും നന്ദിനി നിരസിച്ചിരുന്നു. വെട്രിമാരനെ ഏറ്റവും അടുത്ത സുഹൃത്തായാണ് നന്ദിനി കരുതിയത്. എന്നാൽ ഇരുവരും സൗഹൃദം തുടർന്നു.

അതേസമയം, നന്ദിനി ഏതെങ്കിലും ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ വെട്രിമാരന് ഇഷ്ടപ്പെടുമായിരുന്നില്ല. അടുത്തിടെ സഹപ്രവർത്തകനായ യുവാവുമായി നന്ദിനി അടുപ്പം പുലർത്തിയതാണ് വെട്രിമാരനെ പ്രകോപിപ്പിച്ചതെന്ന് പൊലീസിൽ നൽകി മൊഴിയിൽ പറയുന്നു.

പിറന്നാൾ ദിനം നന്ദിനിക്ക് നൽകിയ അതിക്രൂരമായ സർപ്രൈസ്

ഡിസംബർ 23 നന്ദിനിയുടെ ജന്മദിനമായിരുന്നു. പിറന്നാളിന് ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. നന്ദിനിക്ക് പുതിയ വസ്ത്രം സമ്മാനമായി നൽകുകയും അവളുടെ ആഗ്രഹപ്രകാരം ഒരു അനാഥാലയത്തിൽ പോയി സംഭാവന നൽകി മടങ്ങി.

എന്നാൽ തുടർന്ന് വീട്ടിലേക്ക് പോകാതെ പൊന്മാറിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തേക്കാണ് കൊണ്ടുപോയത്. അവിടെയെത്തി ബൈക്കിന്റെ ചെയിൻ ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ചു. തുടർന്ന് കയ്യിൽ കരുതിയ ബ്ലേഡ് വെച്ച് ദേഹമാസകലം മുറിപ്പെടുത്തി. തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി വെട്രിമാരൻ അവിടെ നിന്ന് ഓടിപോകുകയായിരുന്നു.

നന്ദിനിയുടെ കരച്ചിൽ കേട്ട് ഒാടിയെത്തിയ പ്രദേശവാസികളാണ് പൊലീസിൽ അറിയിച്ചത്. ബോധം പോകുന്നതിനു മുൻപ് വെട്രിമാരന്റെ ഫോൺ നമ്പർ നന്ദിനി പ്രദേശവാസികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് പ്രദേശവാസികളിൽ ഒരാൾ അയാളെ വിളിക്കുകയും വെട്രിമാരൻ സ്ഥലത്തെത്തുകയും ചെയ്തു.

നന്ദിനിയുടെ സുഹൃത്താണ് താനെന്നു പറഞ്ഞ് വെട്രിമാരൻ പൊലീസിനൊപ്പം അവളെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വെട്രിമാരൻ കുറ്റം സമ്മതിച്ചത്.

Tags:    
News Summary - IT worker tied up and set on fire; A transgender friend committed the murder on his birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.