ആശ, അംഗൻവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട്ടീസ് നൽകി വി. ശിവദാസൻ എം.പി

ന്യൂഡൽഹി: ആശ, അംഗൻവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ തുടങ്ങിയ സ്‌കീം തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി സി.പി.എം എം.പി വി. ശിവദാസൻ. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അടിയന്തര ആവശ്യമാണ്. ജീവനക്കാരായിട്ടല്ല, വളണ്ടിയർമാരായിട്ടാണ് കേന്ദ്ര സർക്കാർ ഇവരെ കണക്കാക്കുന്നത്. അതിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുമില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ വളരെ തുച്ഛമായ തുക മാത്രമാണ് ഓണറേറിയമായി ഈ തൊഴിലാളികൾക്ക് നൽകുന്നത്. പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും ഉണ്ടായിട്ടും, വർഷങ്ങളായി ഒരു രൂപ പോലും കേന്ദ്രം വർധിപ്പിക്കുന്നില്ല. കേരളം പോലുള്ള സംസ്ഥാനങ്ങൾ സ്‌കീം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം നൽകാൻ ശ്രമിക്കുമ്പോഴും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന 'ചെലവ് ചുരുക്കൽ നടപടികൾ' ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഒരു ഇടവും നൽകുന്നില്ല. സ്‌കീം തൊഴിലാളികളെ തൊഴിലാളികളായി പ്രഖ്യാപിക്കുകയും അവരുടെ അന്തസ്സ് മാനിക്കുകയും വേണം -വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു. 

Tags:    
News Summary - Issues of ASHA, Anganwadi and mid-day meal workers should be discussed; V Sivadasan MP gives notice in Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.