'ഞങ്ങളുടെ ഇൻബോക്സ് നോക്കൂ, നിങ്ങളുടെ 'ധീരത'യുടെ ഫലം കാണാം' -ഇസ്രയേൽ ജൂറിയോട് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ

ന്യൂഡൽഹി: താങ്കൾ കാണിച്ച "ധീരത"യുടെ ഫലമായി ഞങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ ഒന്നുകാണണമെന്ന് 'ദ കശ്മീർ ഫയൽസ്' ചലച്ചിത്രത്തെ വിമ​ർശിച്ച നദവ് ലാപിഡിനോട് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ. 'നിങ്ങൾ ധൈര്യശാലിയാണെന്ന് കാണിക്കാൻ ഒരു പ്രസ്താവനയും നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ, ഇസ്രായേലിന്റെ പ്രതിനിധികളായി ഇവിടെ തന്നെ തുടരേണ്ട ഞങ്ങളാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടത്' എന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ പറഞ്ഞു.

Full View

വിവാദ ബോളിവുഡ് ചിത്രമായ 'ദ കശ്മീർ ഫയൽസ്' കുപ്രചരണവും അശ്ലീലവുമാണെന്ന ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ നദവ് ലാപിഡിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. ചരിത്രസംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാതെ സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.

'നിങ്ങൾ ധൈര്യശാലിയാണെന്ന് കാണിക്കാൻ ഒരു പ്രസ്താവനയും നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ, ഞങ്ങൾ ഇസ്രായേലിന്റെ പ്രതിനിധികളായി ഇവിടെ തന്നെ തുടരേണ്ടവരാണ്. നിങ്ങൾ കാണിച്ച "ധീരത"യുടെ ഫലമായി ഞങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ നിങ്ങൾ കാണണം. അത് എന്റെ കീഴിലുള്ള ടീമിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിങ്ങൾ അറിയണം' -ഇസ്രായേൽ അംബാസഡർ ട്വീറ്റിൽ പറഞ്ഞു. ദ കശ്മീർ ഫയൽസിൽ കാണിച്ച സംഭവങ്ങൾ ഇന്ത്യയിലെ 'ഉണങ്ങാത്ത മുറിവ്' ആണെന്നും അതിന്റെ ഇരകളിൽ പലരും ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവേക് ​​അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'ദ കശ്മീർ ഫയൽസ്' സിനിമ അശ്ലീല ചിത്രമാണെന്നും ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ ചിത്രം കണ്ടതിൽ താൻ ഞെട്ടിപ്പോയി എന്നുമായിരുന്നു ഗോവയിൽ നടന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) ജൂറി തലവൻ നദവ് ലാപിഡ് തുറന്നടിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേൽ അംബാസഡറുടെ പ്രതികരണം.

ലാപിഡിന് ഒരു തുറന്ന കത്ത് എന്ന മുഖവുരയോടെയാണ് അംബാസഡർ നവോർ ഗിലോൺ 12 ട്വീറ്റുകളിലായി ദൈർഘ്യമേറിയ കുറിപ്പ്​ എഴുതിയത്. സംഭവിച്ചതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഗിലോൺ കൂട്ടിച്ചേർത്തു.

നവോർ ഗിലോൺ ട്വിറ്ററിൽ എഴുതിയ കുറിപ്പിൽനിന്ന്:

കശ്മീർ ഫയൽസിനെ വിമർശിച്ച നദവ് ലാപിഡിന ഒരു തുറന്ന കത്ത്. നമ്മുടെ ഇന്ത്യൻ സഹോദരീ സഹോദരന്മാർക്ക് ഇത് മനസ്സിലാകണമെന്നുള്ളത് കൊണ്ട് ഹീബ്രു ഭാഷയിൽ അല്ല എഴുതുന്നത്. കുറച്ച് ദൈർഘ്യമേറിയ കുറിപ്പായതിനാൽ, അവസാന വാചകം ആദ്യം നൽകാം: 'നിങ്ങൾ തീർച്ചയായും ലജ്ജിക്കണം' എന്തുകൊണ്ടെന്നാൽ:

1. അതിഥി ദൈവത്തെ പോലെയാണ് എന്നാണ് ഇന്ത്യൻ സംസ്കാരത്തിൽ അവർ പറയുന്നത്. ഗോവ ചലച്ചിത്ര മേളയിലെ ജഡ്ജിമാരുടെ പാനൽ അധ്യക്ഷനാകാനുള്ള ഇന്ത്യയുടെ ക്ഷണവും അവർ നിങ്ങൾക്ക് നൽകിയ വിശ്വാസവും ആദരവും ഊഷ്മളമായ ആതിഥ്യമര്യാദയും നിങ്ങൾ ഏറ്റവും മോശമായ രീതിയിൽ ദുരുപയോഗം ചെയ്തു.

2. ഒരു ഇസ്രായേലി എന്ന നിലയിൽ നിങ്ങളെയും ഇസ്രായേലിന്റെ അംബാസഡറായി എന്നെയും അവർ ക്ഷണിച്ചതിന്റെ കാരണം ഇസ്രായേലിനോടുള്ള ഇന്ത്യയുടെ സ്നേഹമാണ്​. നിങ്ങൾ എന്തിനാണ് അത്തരത്തിൽ പറഞ്ഞതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നമ്മൾ (ഇന്ത്യയും ഇസ്രായേലും) സമാനമായ ശത്രുവിനോട് പോരാടുകയും മോശം അയൽപക്കക്കാരുടെ അടുത്ത് താമസിക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ രാജ്യങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നാണ് ഞാനും മന്ത്രിയും (അനുരാഗ് കശ്യപ്) പറഞ്ഞത്.

നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സമാനതകളെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. തന്റെ ഇസ്രായേൽ സന്ദർശനങ്ങളെക്കുറിച്ചും സിനിമാ വ്യവസായവുമായി സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും മന്ത്രി സംസാരിച്ചു. നമ്മൾ ഇന്ത്യൻ സിനിമകൾ കണ്ടാണ് വളർന്നത് എന്ന കാര്യം ഞാനും പറഞ്ഞു. മഹത്തായ ചലച്ചിത്ര സംസ്ക്കാരമുള്ള ഇന്ത്യ, ഇസ്രയേലി ഉള്ളടക്കം ഉപയോഗിക്കുമ്പോൾ നാം വിനയാന്വിതരാകണമെന്നും ഞാൻ പറഞ്ഞു.

3. ഞാൻ ഒരു സിനിമാ വിദഗ്ധനല്ല, പക്ഷേ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനുമുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്ന് എനിക്കറിയാം. ഇത് ഇന്ത്യയിലെ ഉണങ്ങാത്ത മുറിവാണ്. കാരണം അതിന്റെ ഇരകളിൽ പലരും ഇപ്പോഴും ചുറ്റുമുണ്ട്. ഇപ്പോഴും അവർ അതിന്റെ വില കൊടുക്കുന്നു.

4. ജൂതകൂട്ടക്കൊലയെ കുറിച്ച് പുറത്തിറങ്ങിയ ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമയെ കുറിച്ചും ഹോളോകോസ്റ്റിനെ കുറിച്ചും മോശമായ രീതിയിലും സംശയം ജനിപ്പിക്കുന്ന തരത്തിലും ഇന്ത്യയിൽ നിന്നുള്ള പ്രതികരണങ്ങൾ കണ്ടപ്പോൾ, ഹോളോകോസ്റ്റ് അതിജീവിച്ചയാളുടെ മകൻ എന്ന നിലയിൽ എനിക്ക് അങ്ങേയറ്റം വേദന തോന്നി. കശ്മീർ പ്രശ്നത്തിന്റെ സെൻസിറ്റിവിറ്റിയാണ് ഇത് കാണിക്കുന്നത്. അത്തരം പ്രസ്താവനകളെ ഞാൻ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. അതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.

5. കശ്മീർ ഫയൽസിനെക്കുറിച്ചുള്ള നിങ്ങളുടെ വിമർശനവും വൈ നെറ്റിന് നൽകിയ അഭിമുഖവും ഇസ്രായേലിലെ രാഷ്ട്രീയ സംഭവവികാസങ്ങളോടുള്ള നിങ്ങളുടെ ഇഷ്ടക്കേടുകളും വളരെ വ്യക്തമാണ്. നിങ്ങൾ മുൻകാലങ്ങളിൽ ചെയ്തതുപോലെ, ഇസ്രായേലിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചു ​കൊള്ളൂ... എന്നാൽ, മറ്റ് രാജ്യങ്ങളിൽ നിങ്ങളുടെ നിരാശ പ്രകടിപ്പിക്കരുത്. അതിനുമാത്രം വസ്തുതാപരമായ അടിത്തറ നിങ്ങൾക്കുണ്ടെന്ന് എനിക്ക് ഉറപ്പില്ല.

6. നിങ്ങൾ ധൈര്യശാലിയാണെന്ന് കാണിക്കാൻ ഒരു പ്രസ്താവനയും നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ, ഞങ്ങൾ ഇസ്രായേലിന്റെ പ്രതിനിധികളായി ഇവിടെ തന്നെ തുടരേണ്ടവരാണ്. നിങ്ങൾ കാണിച്ച "ധീരത"യുടെ ഫലമായി ഞങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ നിങ്ങൾ കാണണം. അത് എന്റെ കീഴിലുള്ള ടീമിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിങ്ങൾ അറിയണം.

ഇന്ത്യയിലെയും ഇസ്രായേലിലെയും ജനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വളരെ ശക്തമാണ്. നിങ്ങൾ വരുത്തിയ നാശത്തെ അതിജീവിക്കും. ഞങ്ങളുടെ ആതിഥേയരുടെ ഔദാര്യത്തോടും സൗഹൃദത്തോടും മോശമായ രീതിയിൽ പ്രതികരിച്ചതിന്​ ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു, അവരോട് ക്ഷമ ചോദിക്കുന്നു.

Tags:    
News Summary - Israel diplomat hits out at filmmaker for remarks on The Kashmir Files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.