‘ഒഴിവാക്കാനാവാത്ത ഉദ്യോഗസ്ഥനാണോ ഇ.ഡി ഡയറക്ടർ സഞ്ജയ് മിശ്ര, കഴിവുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ഇല്ലേ’; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടർ (ഇ.ഡി) ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടുന്നതിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി. ഒഴിവാക്കാനാവാത്ത ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര എന്ന് സുപ്രീംകോടതി ചോദിച്ചു. ഇ.ഡിക്ക് നേതൃത്വം നല്‍കാന്‍ കഴിവും അര്‍ഹതയുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ആരുമില്ലേ എന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രം നാഥ് അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇ.ഡി ഡയറക്ടർ പദവിയിൽ സഞ്ജയ് മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടി നൽകുന്നതിനെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് കേന്ദ്രത്തിനെതിരായ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടുന്നതിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ന്യായീകരിച്ച സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ച് വിമർശനം ഉന്നയിച്ചത്.

"ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിവുള്ള മറ്റൊരു വ്യക്തി ഈ സ്ഥാപനത്തിൽ ഇല്ലേ?. 2023ൽ മിശ്ര വിരമിക്കുമ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എന്ത് സംഭവിക്കും? ഇപ്പോൾ ബാഹ്യപരിധിയായി നിശ്ചയിച്ചിരിക്കുന്ന അഞ്ച് വർഷത്തെ കാലയളവ് അദ്ദേഹം പൂർത്തിയാക്കിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഒരു ഭേദഗതിയിലൂടെ നിങ്ങൾ അഞ്ച് വർഷത്തിന് പകരം ആറ് വർഷം അനുവദിക്കുമായിരുന്നോ?" -ജസ്റ്റിസ് ഗവായ് ചോദിച്ചു.

സഞ്ജയ് മിശ്രയോടുള്ള വ്യക്തിപരമായ താൽപര്യം കാരണമല്ല കാലാവധി നീട്ടി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രാജ്യം ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) പ്രതിനിധികള്‍ വിലയിരുത്താന്‍ പോകുകയാണ്. ഈ സാഹചര്യത്തിലാണ് മിശ്രയുടെ കാലാവധി നീട്ടി നല്‍കിയതെന്ന് തുഷാർ മേത്ത കോടതിയിൽ വിശദീകരിച്ചു.

നീട്ടി നല്‍കിയ കാലാവധി 2023 നവംബറില്‍ അവസാനിക്കും. ഇതിന് ശേഷമാണ് എഫ്.എ.ടി.എഫ് പ്രതിനിധികള്‍ എത്തുന്നതെങ്കില്‍ എന്തുചെയ്യും. അധികാത്തിലിരുന്ന ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ട രാഷ്ട്രമാണിത്. എന്നിട്ട് കൂടി രാജ്യം മുന്നോട്ടുപോയെന്ന് ഓർക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Is There No Other Competent Person?': Supreme Court Asks Centre On ED Director's Term Extension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.