വ്യോമസേനാ മേധാവിയെ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണോയെന്ന് പവൻ ഖേര: ‘ഇങ്ങനെയാണോ രാജ്യത്തിന്റെ ഹീറോകളെ ആദരിക്കുന്നത്?’
ന്യൂഡൽഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ തുറന്നുപറഞ്ഞതിന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങിനെ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണോയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. വ്യോമസേനാ മേധാവിക്കായി നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കിയതിന് പിന്നാലെയാണ് വിമർശനം.
2024 സെപ്റ്റംബർ 30ന് വ്യോമസേനാ മേധാവിയായി ചുമതലയേറ്റതുമുതൽ രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിലെ പോരായ്മകൾ അദ്ദേഹം പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പവൻ ഖേര എക്സിൽ കുറിച്ചു. ചൈനയുമായി ഇന്ത്യയുടെ സൈനികശേഷിയിലുള്ള അന്തരം വർധിക്കുന്നത്, സർക്കാർ വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം, തദ്ദേശീയ പ്രതിരോധ ഉൽപാദനത്തിലെ കാലതാമസം, പ്രതിരോധരംഗത്തെ സ്വയംപര്യാപ്തത, ഗവേഷണ-വികസന മേഖലയിലെ പോരായ്മകൾ, വിദഗ്ധ ജീവനക്കാരുടെ കുറവ് തുടങ്ങിയ വിഷയങ്ങളിലാണ് വ്യോമസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചതെന്ന് ഖേര ചൂണ്ടിക്കാട്ടി.
‘രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളെക്കുറിച്ച് ന്യായമായ ആശങ്കകൾ ഉന്നയിക്കുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയാണോ വേണ്ടത്, അതോ അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കുകയാണോ ചെയ്യേണ്ടത്? രാജ്യത്തിന്റെ വീരന്മാരെ ആദരിക്കുന്നത് ഇങ്ങനെയാണോ?’ -ഖേര ചോദിച്ചു.
ഒക്ടോബർ 31നാണ് എ.പി. സിങ് വിരമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള എയർഫോഴ്സ് സ്പോർട്സ് കോംപ്ലക്സ് അടച്ചതിനെ തുടർന്നാണ് ബുധനാഴ്ച നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം, എയർഫോഴ്സ് സ്പോർട്സ് കോംപ്ലക്സ് അടച്ചതിന്റെയോ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കിയതിന്റെയോ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.