മർദിച്ച് നിലത്തിട്ടു, ഷൂസിട്ട് കഴുത്തിന് ചവിട്ടി; വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയിലെത്തിയ മുസ്‍ലിം യുവാവിന് നേരെ ഹിന്ദുത്വ ആക്രമണം -VIDEO

ഭോപ്പാൽ: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്റെ ഭാഗമായി യുവതിയോടൊപ്പം കോടതിയിലെത്തിയ മുസ്‍ലിം യുവാവിന് നേരെ ഹിന്ദുത്വ സംഘത്തിന്റെ ക്രൂരമായ ആക്രമണം. ഭോപ്പാലിലെ കോടതിയിൽ യുവതിയോടൊപ്പം എത്തിയ യുവാവിനെയാണ് ‘സംസ്‌കൃതി ബച്ചാവോ മഞ്ച്’ എന്ന തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകർ സംഘടിച്ചെത്തി മർദിച്ചത്.

കസേരയിലിരിക്കുകയായിരുന്ന യുവാവിനെ സംഘം വളഞ്ഞിട്ട് തല്ലുകയും നിലത്തേക്ക് വലിച്ചിടുകയുമായിരുന്നു. തുടർന്ന് ഷൂസിട്ട കാലുകൊണ്ട് യുവാവിന്റെ മുഖത്തും കഴുത്തിനും ചവിട്ടുന്നത് വിഡിയോയിൽ കാണാം. നർസിംഗ്പൂർ നിവാസിയാണ് മർദനമേറ്റ യുവാവ്.

ഇരുമതങ്ങളിൽപെട്ട യുവാവിനെയും യുവതിയെയും ലവ് ജിഹാദ് ആരോപിച്ചാണ് സംഘം ആക്രമിച്ചത്. അക്രമത്തെ തുടർന്ന് കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

സംസ്‌കൃതി ബച്ചാവോ മഞ്ചിന്റെ പ്രസിഡന്റ് ചന്ദ്ര ശേഖർ തിവാരിയുടെ നേതൃത്വത്തിലാണ് പട്ടാപ്പകൽ ആക്രമണം നടന്നത്. തിരക്കേറിയ കോടതി മുറിയിൽ നടന്ന സംഭവം വിഡിയോയിൽ പകർത്തി ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച വിവരം ചിലർ ഹിന്ദുത്വ സംഘടനയെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അക്രമികളിൽ ​ആരെയും പിടികൂടാതിരുന്ന പൊലീസ്, യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സംഘം ചന്ദ്ര ശേഖർ തിവാരി ആവശ്യപ്പെട്ടു. അതേസമയം, ദമ്പതികളെ പൊലീസ് സംരക്ഷണത്തിലാക്കിയിട്ടുണ്ടെന്നും സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഭോപ്പാൽ എ.സി.പി അക്ഷയ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും അവർ എത്തിയാലുടൻ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും വ്യത്യസ്ത മതങ്ങളിൽപെട്ടവരായതിനാൽ കോടതിയിൽ വെരിഫിക്കേഷനായി വിളിപ്പിച്ചതാണത്രെ. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എ.സി.പി അക്ഷയ് ചൗധരി പറഞ്ഞു. 

Tags:    
News Summary - Interfaith couple targeted in Bhopal courtroom while trying to register marriage, man thrashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.