ഐ.ടി ചട്ടഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐ.എൻ.എസ്

ന്യൂഡൽഹി: വിവര സാങ്കേതികവിദ്യ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികളിൽ പത്ര ഉടമകളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) ആശങ്ക പ്രകടിപ്പിച്ചു. സർക്കാറുമായി ബന്ധപ്പെട്ട വാർത്താ വിവരങ്ങളിൽ വ്യാജവും അല്ലാത്തതും ഏതെന്ന് നിശ്ചയിക്കാനുള്ള പരമാധികാരം ഒരു സർക്കാർ വിഭാഗത്തിന് നൽകുന്നത് സ്വേച്ഛാപരമാണ്.

ബന്ധപ്പെട്ട കക്ഷികളെ കേൾക്കാതെ സർക്കാർ ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണ്. പരാതിക്കാരൻ വിധി നിർണയം നടത്തുന്നതിന് തുല്യമാണിതെന്നും ഐ.എൻ.എസ് ചൂണ്ടിക്കാട്ടി. സർക്കാറിനു കീഴിലെ വസ്തുതാ പരിശോധന വിഭാഗം നയിക്കപ്പെടുന്നത് എങ്ങനെയെന്ന കാര്യത്തിൽ സുതാര്യതയില്ല. ഇത്തരത്തിലുള്ള അധികാര പ്രയോഗം പരിശോധിക്കപ്പെടേണ്ട നീതിന്യായ സംവിധാനം ഏതെന്നും വ്യക്തമല്ല. അപ്പീലിന് അവകാശമുണ്ടോ എന്നതും അവ്യക്തം. പത്ര സെൻസർഷിപ്പിന് തുല്യമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ്.

ഐ.ടി ചട്ടഭേദഗതിയുടെ കാര്യത്തിൽ മാധ്യമ സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. ഐ.ടി മന്ത്രാലയ വിജ്ഞാപനം പിൻവലിച്ച് അർഥപൂർണമായ കൂടിയാലോചനകൾക്ക് സർക്കാർ തയാറാകണമെന്ന് ഐ.എൻ.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - INS terms amendment to IT rules arbitrary & violation of nature justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.