റാണ അയ്യൂബിന്‍റെ ട്വീറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിന്‍റെ ചില ട്വീറ്റുകൾ നീക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവിനു സമർപ്പിച്ച റിപ്പോർട്ടിൽ ഐ.ടി നിയമം 2000ത്തിലെ 69 എ വകുപ്പ് പ്രകാരം ചില ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഏപ്രിൽ ഒമ്പതിന് അന്വേഷണ ഏജൻസി ബന്ധപ്പെട്ട അധികാരികളോട് അഭ്യർഥിച്ചതായാണ് കേന്ദ്ര സർക്കാരും പോലീസും അറിയിച്ചത്.

അപേക്ഷ പരിഗണനയിലാണെന്നും ഐ.ടി നിയമപ്രകാരം ഉചിതമായ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചത്. ഈ വിഷയത്തിൽ സ്വീകരിക്കുന്ന ഏതെങ്കിലും തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ റാണാ അയ്യൂബിന് നിയമനടപടികൾ തേടാൻ സ്വാതന്ത്ര്യമുണ്ടെന്നും അധികൃതർ പറയുന്നു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ചാണ് മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിനെതിരെ കേസെടുക്കാൻ 2025ൽ കോടതി നിർദേശിച്ചത്. എക്സ് പോസ്റ്റിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയെന്നുമാണ് റാണക്കെതിരെ അഭിഭാഷക നൽകിയ ഹർജിയിൽ ആരോപിക്കു​ന്നത്. 

നിയമവിരുദ്ധമായ ഉള്ളടക്കമാണെന്നറിഞ്ഞിട്ടും ട്വിറ്റർ പ്ലാറ്റ്ഫോമിൽ നിന്ന് അത് നീക്കം ചെയ്തില്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ഇത് ട്വിറ്ററിന്‍റെ നിയമപ്രകാരമുള്ള ജാഗ്രത പാലിക്കാതെയുള്ള നിഷ്ക്രിയത്വവും റാണ അയ്യൂബിന് നിയമ വിരുദ്ധമായുള്ള പ്രവർത്തികൾ തുടരാനുള്ള സൗകര്യമൊരുക്കലുമാണെന്ന് കേന്ദ്രം ആരോപിക്കുന്നു. ട്വീറ്റുകൾ നീക്കംചെയ്യാൻ ഡൽഹി പൊലീസ് എക്സിന് നോട്ടീസ് അയച്ചിരുന്നതായും പറയുന്നു.

സംഘ് പരിവാറിനും നരേന്ദ്രമോദിക്കുമെതിരെ കടുത്ത വിമർശനം റാണ ഉയർത്തിയിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണയുടെ ഫീച്ചർ എക്കാലത്തെയും മികച്ച മാസികാ ഫീച്ചറുകളിലൊന്നായി ഔട്ട്‍ലുക്ക് മാസിക തെരഞ്ഞെടുത്തിരുന്നു. ഈ ഫീച്ചർ പിന്നീട് അവർ ‘ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ്’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. 2016 ൽ ഖത്തറിൽ നടന്ന ഡോ. എ.പി.ജെ അബ്ദുൽകലാം ജന്മദിനാചരണ ചടങ്ങിൽ റാണയെ പങ്കെടുപ്പിക്കരുതെന്ന ഇന്ത്യൻ എംബസിയുടെ നിർദേശം വിവാദമായി. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങൾ തുടരുകയാണെന്നും മോദി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും റാണാ അയ്യൂബ് ആരോപിച്ചിരുന്നു. 

Tags:    
News Summary - Initiated steps to block objectionable tweets by journalist Rana Ayyub: Centre to HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.