ബറേലി: ചാർജ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനടുത്ത് ചാർജ് ചെയ്തുകൊണ്ടിരുന്ന കീപാഡ് ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ആറുമാസം മുമ്പാണ് കുഞ്ഞിന്‍റെ അമ്മ കുസും കശ്യപ് ഫോൺ വാങ്ങിയതെന്നും ഫോണിന്‍റെ ബാറ്ററി വീർത്തിരുന്നതായും പൊലീസ് പറഞ്ഞു. വൈദ്യുത കണക്ഷനില്ലാത്തതിനാൽ സാളാർ പ്ലേറ്റും ബാറ്ററിയും ഉപയോഗിച്ചാണ് മൊബൈൽ ഫോണുകൾ ചാർജ് ചെയ്തിരുന്നത്.
ഉച്ചഭക്ഷണത്തിനുശേഷം രണ്ടുമക്കളെയും ഉറക്കി വ്യത്യസ്ത കയർ കട്ടിലുകളിൽ കിടത്തിയ കുസും കുഞ്ഞിന്‍റെ കട്ടിലിൽ ചാർജിലിട്ട ഫോൺവെച്ചിരുന്നു. ചാർജ് ചെയ്യുന്നതിനിടെ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയും കയർകട്ടിലിന് തീപ്പിടിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടസമയത്ത് അമ്മ കുഞ്ഞിന് സമീപത്ത് ഉണ്ടായിരുന്നില്ല. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫോൺ യു.എസ്.ബി കേബിൾ ഉപയോഗിച്ചാണ് ചാർജ് ചെയ്തത്. അഡാപ്റ്റർ ഉപയോഗിച്ചിരുന്നില്ല. ഇതാവാം അപകടത്തിന് കാരണമെന്നും ബന്ധു അജയ് കുമാർ പറഞ്ഞു.
മൊബൈൽ പൊട്ടിത്തെറിച്ചാണ് പെൺകുഞ്ഞ് മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.