ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ റിപ്പബ്ലിക് ആഘോഷങ്ങൾക്കായി ഡൽഹിയിൽ എത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വ്യാഴാഴ്ച രാത്രി ഡൽഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ വിമാനത്താവളത്തിൽ സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളും ആദ്യ ഇന്ത്യ സന്ദർശനത്തിനെത്തിയ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡൻ്റാണ് സുബിയാന്തോ. പ്രസിഡൻന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായി സുബിയാന്തോ കൂടിക്കാഴ്ചകൾ നടത്തും.

അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകൾ ഇരു രാജ്യങ്ങളും ആരായും. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആയിരുന്നു പ്രധാന അതിഥി.

ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചും ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഇന്തോനേഷ്യൻ സൈനിക ഉദ്യോഗസ്ഥർ ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ ഫുൾ ഡ്രസ് റിഹേഴ്സൽ നടത്തി. 

Tags:    
News Summary - Indonesian President Prabowo Subianto arrived in Delhi for Republic celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.