രാജ്യത്തിന്റെ നാല് പ്രധാനമന്ത്രിമാരും ഒരു രാഷ്ട്രപതിയും ഒരുമിച്ചിരിക്കുന്ന അപൂർവ ചിത്രം
ന്യൂഡൽഹി: ‘കോൺഗ്രസ് എന്താണെന്നറിയാൻ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ചുമരിൽ നോക്കി നടന്നാൽ മതി’. എ.ഐ.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞ ഈ വാക്കുകൾ അക്ഷരം പ്രതി ശരിയാണെന്ന് പുതിയ ആസ്ഥാനത്തെത്തുന്ന ആരും സമ്മതിക്കും. കോൺഗ്രസിന്റെ മാത്രം ചരിത്രമല്ല, 139 കൊല്ലത്തെ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന ചുമരുകളുമായാണ് ഒമ്പത്, കോട്ല റോഡിലെ ഇന്ദിര ഭവന്റെ നെടുങ്കൻ നിൽപ്. അഞ്ച് നിലകളിലായുള്ള ഇന്ദിര ഭവന്റെ ഓരോ ചുമരും 1885 മുതൽ 2023 വരെയുള്ള രാജ്യത്തിന്റെ ചരിത്രമാണ് പറയുന്നത്. ശനിയാഴ്ചയാണ് ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരം മലർക്കെ തുറന്നിട്ടത്.
‘ദീൻ ദയാൽ ഉപാധ്യായ മാർഗ്’ കോൺഗ്രസിന് വേണ്ട
പ്രഥമ പ്രസിഡന്റ് ഡബ്ല്യു.സി. ബാനർജിയുടെയും നിലവിലെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും ചിത്രങ്ങളാണ് പ്രവേശന ഹാളിന്റെ ഇരുവശത്തുമുള്ളത്. സ്വാതന്ത്ര്യസമര നായകരിൽ ഖാൻ അബ്ദുൽ ഗഫാർ ഖാൻ, മൗലാന ആസാദ് തുടങ്ങി ബി.ആർ. അംബേദ്കർവരെയും സുഭാഷ് ചന്ദ്ര ബോസ് മുതൽ സർദാർ വല്ലബ്ഭായ് പട്ടേൽവരെയുള്ളവരുടെ വാക്കുകളും ചിത്രങ്ങളുമുള്ള ചുമരുകളിൽ ജവഹർലാൽ നെഹ്റുമുതൽ ഡോ. മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരും അവരുടെ ഭരണനേട്ടങ്ങളുമുണ്ട്. ജനാധിപത്യത്തിന്റെ കോവിൽ എന്ന് കോൺഗ്രസ് വിശേഷിപ്പിക്കുന്ന മന്ദിരത്തിലേക്ക് കടക്കുമ്പോൾ വലതുഭാഗത്ത് ഇംഗ്ലീഷിലും ഇടതുഭാഗത്ത് ഹിന്ദിയിലുമായി കോൺഗ്രസിന്റെ ആദർശങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
ചുമരിലെഴുതിവെച്ച അതേ ആദർശമാണ് വിലാസത്തിലും പ്രതിഫലിക്കുന്നതെന്നാണ് ഇന്ദിര ഭവൻ പരിചയപ്പെടുത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞത്. കോട്ല റോഡിലേക്ക് മുഖ്യ കവാടമാക്കി കോൺഗ്രസ് പണിത ദേശീയ ആസ്ഥാന മന്ദിരത്തിന്റെ വിലാസത്തിൽ ദീൻ ദയാൽ ഉപാധ്യായ എന്ന ആർ.എസ്.എസ് താത്ത്വികന്റെ പേര് ഉപയോഗിക്കില്ലെന്നും ‘കോട്ല റോഡ്’ എന്ന് മാത്രമേ ഉപയോഗിക്കൂ എന്നും അജയ് മാക്കൻ പറഞ്ഞു.
ചരിത്രം വളച്ചൊടിക്കാത്ത, മറച്ചുവെക്കാത്ത ചുമരുകൾ
ചരിത്രം വളച്ചൊടിക്കാതെയും മറച്ചുവെക്കാതെയും കോൺഗ്രസ് വിട്ടുപോയി കോൺഗ്രസിനെ കടന്നാക്രമിച്ചവർപോലും ഇന്ദിര ഭവന്റെ ചുമരിൽ ഇടംപിടിച്ചിരിക്കുന്നു. അതിലെടുത്തുപറയേണ്ട പേരാണ് രാജീവ് ഗാന്ധി സർക്കാറിനെതിരെ ബോഫോഴ്സ് അഴിമതി ആരോപണമുന്നയിച്ച് കോൺഗ്രസിനെതിരെ മുന്നണിയുണ്ടാക്കി പ്രധാനമന്ത്രിയായ വിശ്വനാഥ് പ്രതാപ് സിങ്ങിന്റേത്. രാജ്യത്തിന്റെ നാല് പ്രധാനമന്ത്രിമാരും ഒരു രാഷ്ട്രപതിയും ഒരുമിച്ചിരിക്കുന്ന അപൂർവ ചിത്രം കൂടിയാണിത്.
രാജീവ് ഗാന്ധി തന്റെ സഹമന്ത്രിമാരും പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാരായ വി.പി. സിങ്ങിനും പി.വി. നരസിംഹ റാവുവിനും ഡോ. മൻമോഹൻ സിങ്ങിനും രാഷ്ട്രപതി പദവിയിലെത്തിയ കെ.ആർ. നാരായണനുമൊപ്പം ഇരിക്കുന്നതാണ് ആ ചിത്രം.
വി.പി. സിങ്ങിന് പുറമെ കോൺഗ്രസ് വിട്ടുപോയ ഗുലാം നബി ആസാദും സുരേഷ് പച്ചൗരിയും റീത ബഹുഗുണ ജോഷിയുമെല്ലാം പാർട്ടിയുടെ ചരിത്രവും മൂഹൂർത്തങ്ങളും കാണിക്കുന്ന ചുമരുകളിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ രാജ്ഘട്ടിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മൻമോഹൻ സിങ്ങിനുമൊപ്പമുള്ളത് ഗുലാം നബി ആസാദാണ്.
പാർട്ടി വിട്ടവരുടെ ചരിത്രം മായ്ക്കേണ്ടതില്ല
കോൺഗ്രസിനെയും നേതാക്കളെയും പിൽക്കാലത്ത് അധിക്ഷേപിച്ചവരെപോലും ഉൾക്കൊള്ളിച്ചതെന്തുകൊണ്ടാണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. ഒരുകാലത്ത് പാർട്ടി വിട്ട് എതിരായി തീർന്നു എന്നത് കൊണ്ടുമാത്രം അവർക്കൊപ്പമുള്ള പാർട്ടിയുടെ ചരിത്രം മായ്ച്ചുകളയണമെന്ന ഇടുങ്ങിയ ചിന്താഗതിയല്ല കോൺഗ്രസിന് എന്നായിരുന്നു കോൺഗ്രസ് നേതാവ് മനീഷ് ഛത്രാഠിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.