ന്യൂഡൽഹി: തൊഴിലിടത്തിൽ ഇൻഡിഗോ ട്രെയ്നി പൈലറ്റ് ജാതിയധിക്ഷേപം നേരിട്ടതായി ആരോപണം. 35കാരനായ ട്രെയ്നി പൈലറ്റാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. താൻ വിമാനം പറത്താൻ യോഗ്യനല്ലെന്നും ചെരിപ്പുകുത്തിയുടെ ജോലി ചെയ്യുന്നതാണ് നല്ലത് എന്നും പറഞ്ഞ് ഇൻഡിഗോയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു എന്നാണ് പൈലറ്റിന്റെ പരാതി. എസ്.സി വിഭാഗക്കാരനാണ് ഇദ്ദേഹം. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദെ, മനീഷ് സാഹ്നി, കാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തു.
ആദ്യം ബംഗളുരു പൊലീസിന്റെ മുന്നിലാണ് പരാതി എത്തിയത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ പരാതി രജിസ്റ്റർ ചെയ്യാൻ തയാറായില്ല. സാധാരണ കുറ്റകൃത്യം നടക്കുന്ന സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്യാറുള്ളത്. തുടർന്ന് ഇൻഡിഗോയുടെ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് പരാതി കൈമാറുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 28ന് ഇൻഡിഗോയുടെ ഗുരുഗ്രാമിലെ ഓഫിസിൽ വെച്ച് ഒരു യോഗം നടന്നുവെന്നും 30 മിനിറ്റ് നീണ്ട യോഗത്തിനിടെയാണ് വിമാനം പറത്താൻ താൻ യോഗ്യനല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് എന്നുമാണ് പൈലറ്റിന്റെ പരാതിയിലുള്ളത്.
''നിങ്ങൾ വിമാനം പറത്താൻ യോഗ്യനല്ല, പോയി ചെരിപ്പു കുത്തിയുടെ പണി നോക്കൂ. ഇവിടത്തെ വാച്ച്മാന്റെ ജോലി പോലും ചെയ്യാൻ നിങ്ങൾക്ക് അർഹതയില്ല''-എന്നാണ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചതെന്നും യുവാവ് പറയുന്നു.
ഈ അധിക്ഷേപം മൂലം താൻ ജോലിയിൽ നിന്ന് രാജിവെക്കാൻ നിർബന്ധിതനായി. ആവശ്യമില്ലാതെ ട്രെയ്നിങ് സെഷനുകളിൽ പങ്കെടുപ്പിച്ചു. പിന്നാക്ക ജാതിയിൽ പെട്ട ആളായത് കൊണ്ടാണ് ഇങ്ങനെയൊക്കെ അധിക്ഷേപം നേരിട്ടത്. നീതീകരിക്കാനാവാത്ത രീതിയിൽ തന്റെ ശമ്പളം കട്ടു ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ നിർബന്ധിതനായതെന്നും ട്രെയ്നി പൈലറ്റ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല. ജോലി സ്ഥലത്ത് ഇങ്ങനെയുള്ള യാതൊരു വേർതിരിവും കാണിക്കില്ലെന്നാണ് ഇൻഡിഗോയുടെ വെബ്സൈറ്റിൽ പറയുന്നത്.'' "ലിംഗഭേദം, വംശം, നിറം, മതം, ജാതി, മതം, വംശീയത, ഭാഷ, സാമൂഹിക- സാമ്പത്തിക നില, ലൈംഗിക ആഭിമുഖ്യം, ഭിന്നശേഷി, വൈവാഹിക നില, ദേശീയത, പ്രായം, കുടുംബ നില, പ്രസവാവസ്ഥ തുടങ്ങിയ യാതൊന്നും കണക്കിലെടുക്കാതെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ജീവിതത്തെ പരിപോഷിപ്പിക്കുന്ന രീതിയിലുള്ള വൈവിധ്യത്തിനാണ് കമ്പനി ശ്രമിക്കുന്നത്''-എന്നാണ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.