രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു; തൊഴിൽ പങ്കാളിത്ത നിരക്ക് ഇടിഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷം. രാജ്യത്തെ തൊഴിൽ വിപണികൾ മോശമായതിനാൽ ഇന്ത്യയിലെ തൊഴിലില്ലായ്മ മാർച്ചിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനമായെന്ന്‌ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 ഡിസംബറിൽ 8.30 ശതമാനമായി ഉയർന്നെങ്കിലും ഈ വർഷം ജനുവരിയിൽ 7.14 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് 7.45 ശതമാനമായി ഉയർന്നതായാണ് ശനിയാഴ്ച സിഎംഐഇ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. മാർച്ചിൽ നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായപ്പോൾ ഗ്രാമപ്രദേശങ്ങളിൽ 7.5 ശതമാനമായി.

'ഇന്ത്യയുടെ തൊഴിൽ വിപണികൾ 2023 മാർച്ചിൽ വഷളായി. ഫെബ്രുവരിയിൽ 7.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 7.8 ശതമാനമായി. തൊഴിൽ പങ്കാളിത്ത നിരക്ക് 39.9 ശതമാനത്തിൽ നിന്ന് 39.8 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് ഇതിന് കാരണം' സിഎംഐഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പിടിഐയോട് പറഞ്ഞു.

സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് ഹരിയാന (26.8 ശതമാനം) യിലാണ്. രാജസ്ഥാനിൽ 26.4 ശതമാനവും ജമ്മു കശ്മീരിൽ 23.1 ശതമാനവും സിക്കിം 20.7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ബിഹാറിൽ 17.6 ശതമാനവും ജാർഖണ്ഡ് 17.5 ശതമാനവും പേർക്ക് തൊഴിലില്ല. ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനമുള്ള ഉത്തരാഖണ്ഡിലും ഛത്തീസ്ഗഡിലുമാണ്. പുതുച്ചേരി 1.5 ശതമാനം, ഗുജറാത്ത് 1.8 ശതമാനം, കർണാടക 2.3 ശതമാനം, മേഘാലയ, ഒഡീഷ എന്നിവിടങ്ങളിൽ 2.6 ശതമാനം വീതവുമാണ് തൊഴിലില്ലായ്മ നിരക്കുള്ളത്.

Tags:    
News Summary - India's unemployment rate rises to 3-month high of 7.8% in March: CMIE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.