1. കാർത്തി ചിദംബരം, 2. സായ് നികേഷ് സൈനിക വേഷത്തിൽ

മുസ്‍ലിം വിദ്യാർഥി സിറിയയിൽ യുദ്ധം ചെയ്താൽ 'ജിഹാദി' എന്ന് വിളിക്കില്ലേ? -തമിഴ്നാട് സ്വദേശി യുക്രെയ്ൻ സൈന്യത്തിൽ ചേർന്നതിനെതിരെ കാർത്തി ചിദംബരം

ചെന്നൈ: തമിഴ്നാട് സ്വദേശിയായ വിദ്യാർഥി റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്ൻ സൈന്യത്തിൽ ചേർന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കാർത്തി ചിദംബരം. 'ഒരു മുസ്‍ലിം വിദ്യാർഥി അസദിനെതിരെ യുദ്ധം ചെയ്യാൻ സിറിയയിൽ പോയാൽ അവനെ നമ്മൾ ജിഹാദി എന്നുവിളിക്കില്ലേ? അമേരിക്കക്കെതിരെ യുദ്ധം ചെയ്യാൻ ഇറാഖിൽ പോയാലും അതുതന്നെയല്ലേ വിളിക്കുക? പിന്നെ എങ്ങിനെയാണ് യുക്രെയ്നിൽ പോകുന്നതിനെ അംഗീകരിക്കാനാവുക?' -കാർത്തി ചിദംബരം ചോദിച്ചു.

യുക്രെയ്നിൽ വിദ്യാർഥിയായ കോയമ്പത്തൂരിലെ സായ് നികേഷ് രവിചന്ദ്രൻ (21) എന്ന വിദ്യാർഥി യുക്രെയ്ൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്നതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാർ പ​ങ്കെടുക്കരുതെന്നും അത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

'യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. യു.എസ്, യൂറോപ്യൻ വാദങ്ങൾ മാത്രമാണ് നമ്മൾ കേൾക്കുന്നത്. റഷ്യക്ക് പറയാനുള്ളത് എന്താണെന്ന് നമുക്കറിയില്ല. ഞാൻ യുദ്ധത്തിന് എതിരാണ്. പക്ഷേ ഇരുവശവും കേൾക്കണം. മറ്റ് രാജ്യങ്ങളിലെ പൗരന്മാർ യുദ്ധത്തിൽ ചേരുന്നതിനോട് എനിക്ക് യോജിപ്പില്ല. കോയമ്പത്തൂരിലെ ഒരു മുസ്‍ലിം യുവാവ് സിറിയയിൽ പോയി അസദിനെതിരെ പോരാടുകയാണെന്ന് സങ്കൽപ്പിക്കുക. അല്ലെങ്കിൽ യു.എസിനെതിരെ പോരാടാൻ ഇറാഖിലേക്ക് പോകുന്നതായി കരുതുക. അവനെ ജിഹാദി എന്ന് വിളിക്കില്ലേ? അപ്പോൾ ഒരു ഇന്ത്യൻ വിദ്യാർഥി യുക്രെയ്നിലേക്ക് യുദ്ധം ചെയ്യാൻ പോകുന്നത് എങ്ങനെ അംഗീകരിക്കും? യുക്രെയ്ൻ വെള്ളക്കാരായ ക്രിസ്ത്യാനികൾ ഭരിക്കുന്ന രാജ്യമാണ്. യുക്രെയ്നിനോടും മിഡിൽ ഈസ്റ്റ് രാജ്യങ്ങളോടും എങ്ങനെയാണ് രണ്ട്തരം സമീപനം സ്വീകരിക്കുക?' -കാർത്തി ചിദംബരം ചോദിച്ചു.

യുക്രെയ്നിൽ പഠിക്കുന്ന ഇന്ത്യക്കാരായ ​മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ വിദ്യാഭ്യാസം തുടരാൻ അനുവദിക്കുന്നതിനുള്ള സാധ്യത കേന്ദ്രം പരിശോധിക്കണമെന്നും കോൺഗ്രസ് എം.പി പറഞ്ഞു. വിദ്യാർഥികളെ ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പഠിപ്പിക്കാൻ കഴിയില്ലെങ്കിൽ അവരെ മറ്റ് വിദേശ രാജ്യങ്ങളിൽ പഠിക്കാൻ അനുവദിക്കുന്നതിനുള്ള സാധ്യതയും കേന്ദ്രം അന്വേഷിക്കണം -ചിദംബരം പറഞ്ഞു.

'യുക്രെയ്ൻ വിദ്യാർഥികളുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനോ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം നൽകുന്നതിനോ സർക്കാർ നടപടിയെടുക്കണം. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമുള്ള മറ്റ് രാജ്യങ്ങളിൽ ഈ വിദ്യാർഥികൾക്ക് പഠനം തുടരാൻ ക്രമീകരണം ചെയ്യണം' -അദ്ദേഹം പറഞ്ഞു.


ഖാർകീവിലെ നാഷണൽ എയ്‌റോസ്‌പേസ് സർവകലാശാല വിദ്യാർഥിയാണ് സായ് നികേഷ്. എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയായ സായ് തനിക്ക് വിഡിയോ ഗെയിം നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ലഭിച്ചെന്ന വിവരം ഒരു മാസം മുമ്പ് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാൽ, യുദ്ധം ആരംഭിച്ചതിന് പിന്നാലെ മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ വീട്ടുകാർ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു.

തുടർന്ന് വീട്ടുകാരുമായി ബന്ധപ്പെട്ട സായ് നികേഷ്, റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായുള്ള വിവരം കുടുംബത്തെ അറിയിച്ചു. മകൻ യുദ്ധമുഖത്താണെന്ന വിവരമറിഞ്ഞ ഞെട്ടലിലാണ് സായ് നികേഷിന്‍റെ കുടുംബാംഗങ്ങൾ. 2018ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ സമയത്ത് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ് നികേഷ് ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് കാരണം അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് ഖാർകീവിലെ നാഷണൽ എയ്‌റോസ്‌പേസ് സർവകലാശാലയിൽ ചേരുകയായിരുന്നു. 

Tags:    
News Summary - Indian student joining Ukraine Army to fight Russia is unacceptable, says Karti Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.