ജമ്മു: പാകിസ്താനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്.
അതേസമയം, പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും നാല് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു. 57 പേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലാണ് പാക് സൈന്യത്തിന്റെ ഏറ്റവും കനത്ത ആക്രമണമുണ്ടായത്. മരണങ്ങളെല്ലാം ഇവിടെയാണ്. ഇവിടെ 42 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. പൂഞ്ച് ജില്ലാ ആസ്ഥാനം, ബാലാക്കോട്ട്, മെന്ദർ, മാങ്കോട്ട്, കൃഷ്ണ ഗാട്ടി, ഗുൽപൂർ, കേർണി എന്നിവിടങ്ങളിലെല്ലാം ഷെല്ലാക്രമണമുണ്ടായി. ഇവിടങ്ങളിൽ നിരവധി വീടുകൾക്ക് കേടുപാടുണ്ടായി.
സൈനികനെ കൂടാതെ ബൽവിന്ദർ കൗർ (33), മുഹമ്മദ് സെയ്ൻ ഖാൻ (10), സഹോദരൻ സോയ ഖാൻ (12), മുഹമ്മദ് അക്രം (40), അമ്രിക് സിങ് (55), മുഹമ്മദ് ഇഖ്ബാൽ (45), രൺജീത് സിങ് (48), ഷക്കീലബി (40), അംരീത് സിങ് (47), മറിയം ഖാതൂൺ (ഏഴ്), വിഹാൻ ഭാർഗവ് (13), മുഹമ്മദ് റാഫി (40) എന്നീ സാധാരണക്കാരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. രജൗറി ജില്ലയിലും മൂന്ന് പേർക്ക് പരിക്കേറ്റു. കുപ്വാര ജില്ലയിലെ കർണാ സെക്ടറിൽ ഷെല്ലാക്രമണത്തിൽ നിരവധി വീടുകൾക്ക് തീപിടിച്ചു. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ പാകിസ്താൻ ഭാഗത്ത് നിരവധി മരണമുണ്ടായതായും നിരവധി സൈനിക പോസ്റ്റുകൾ തകർത്തതായും അധികൃതർ പറഞ്ഞു.
ഷെല്ലാക്രമണ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ അടിയന്തര യോഗം ചേർന്നു. അതിർത്തി ജില്ലകൾക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകൾക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാൻ അദ്ദേഹം നിർദേശം നൽകി. അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾക്കായി കൂടുതൽ ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കരുതണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.