പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ആശങ്കകൾക്ക് താൽക്കാലിക ആശ്വാസമേകി, ഇന്ത്യയുടെ എൽ.പി.ജി കപ്പലായ സിമി സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. കടുത്ത സുരക്ഷാഭീഷണിയുള്ള ഹുർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടാണ് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഞായറാഴ്ച കാൻഡ്ലയാൻ ദീൻദയാൽ തുറമുഖത്ത് അടുത്തത്.
കേന്ദ്ര സർക്കാരിന്റെയും കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെയും കൃത്യമായ ഏകോപനത്തോടെയാണ് യുക്രൈയിൻ, ഫിലിപ്പൈൻസ് സ്വദേശികളായ 21 ജീവനക്കാരുൾപ്പെട്ട കപ്പലിനെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചത്. മെയ് 13-നാണ് ഈ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനു ശേഷം ഈ പാതയിലൂടെ സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന പതിനൊന്നാമത്തെ എൽ.പി.ജി കപ്പലാണിത്.
കപ്പൽ സുരക്ഷിതമായി എത്തിയെങ്കിലും, പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയുടെ മൊത്തത്തിലുള്ള ഇന്ധന ഇറക്കുമതിയെയും സംഭരണത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ രാജ്യത്തെ ക്രൂഡ് ഓയിൽ ശേഖരത്തിൽ 15% കുറവുണ്ടായിരുന്നു. കമ്മോഡിറ്റീസ് അനലിറ്റിക്സ് സ്ഥാപനമായ 'കെപ്ലർ' പുറത്തുവിട്ട വിവരമനുസരിച്ച്, ഫെബ്രുവരി അവസാന വാരം 107 ദശലക്ഷം ബാരലായിരുന്ന ഇന്ത്യയുടെ എണ്ണശേഖരം നിലവിൽ 91 ദശലക്ഷം ബാരലായി ചുരുങ്ങിയിട്ടുണ്ട്.
നിലവിലെ ആഭ്യന്തര ഉപഭോഗം കണക്കിലെടുത്താൽ വരും ദിവസങ്ങളിൽ പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ വെറും 18 ദിവസത്തേക്ക് മാത്രമുള്ള ഇന്ധനമേ ഇനി ഇന്ത്യയുടെ പക്കലുള്ളുയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ഇന്ത്യൻ റിഫൈനറികളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, ഹുർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം നീണ്ടുപോയാൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറക്കേണ്ടി വരും. ആഗോളതലത്തിലും എണ്ണശേഖരത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര ഊർജ ഏജൻസിയും (ഐ.ഇ.എ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.