കശ്മീരിനെയും മോദിയെയും കുറിച്ച് പരാമർശം; യു.എന്നിൽ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു

ജനീവ: ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ 75ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍ നടത്തിയ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു. കശ്മീർ വിഷയം പരാമർശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇംറാൻ വ്യക്തിപരമായി വിമർശിച്ചതിനെ തുടർന്നാണ് ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

ഇംറാൻ ഖാന്‍റെ പ്രസംഗത്തിന് ശേഷം ഇന്ത്യ മറുപടിക്കുള്ള അവകാശം ഉപയോഗിച്ച് കശ്മീർ സംബന്ധിച്ച രാജ്യത്തിന്‍റെ നിലപാട് അതിശക്തമായി വ്യക്തമാക്കുകയും ചെയ്തു. ഇരുപതോളം തവണ ഇംറാൻ ഖാന്‍ തന്‍റെ പ്രസംഗത്തിൽ കശ്മീരും മോദിയും പരാമർശിച്ചിരുന്നു.

കശ്മീർ രാജ്യത്തിന്‍റെ അഭിവാജ്യ ഘടകമാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. കശ്മീരിൽ ഇപ്പോൾ ഒരു തർക്കവും നിലനിൽക്കുന്നില്ല. പാകിസ്താന്‍റെ കടന്നുകയറ്റം മാത്രമാണ് അവിടത്തെ പ്രശ്നം. പാക് അധീന കശ്മീരിൽ നിന്ന് പാകിസ്താൻ ഒഴിഞ്ഞു പോകണമെന്നും ഇന്ത്യ താക്കീത് നൽകി.

നാൽപതിനായിരത്തോളം ഭീകരർ പാകിസ്താനിലുണ്ടെന്ന് സമ്മതിച്ച പ്രധാനമന്ത്രിയാണ് ഇംറാൻ ഖാൻ. ഉസാമ ബിൻ ലാദനെ ഒരു രക്തസാക്ഷിയെന്ന് പാർലമെന്‍റിനുള്ളിൽ വിശേഷിപ്പിച്ച വ്യക്തിയുമാണ് അദ്ദേഹം. യു.എൻ കരിമ്പട്ടികയിലുള്ള ഭീകരർക്ക് പാകിസ്താൻ താവളം നൽകുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

കൊടും ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാകിസ്താൻ. ഭീകരർക്ക് സഹായം നൽകുന്നത് അവസാനിപ്പിക്കണം. അത്തരത്തിലുള്ള പാകിസ്താൻ ലോകത്തിന് മുമ്പിൽ മനുഷ്യാവകാശ പ്രസംഗം നടത്തേണ്ട കാര്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

പാകിസ്താന് തക്കതായ മറുപടി നൽകുമെന്ന് ഇന്ത്യയുടെ യു.എൻ സ്ഥിരംപ്രതിനിധി ടി.എസ്. തിരുമൂർത്തി ട്വീറ്റ് ചെയ്തു. പൊതുസഭ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറു മണിക്ക് അഭിസംബോധന ചെയ്യും. 

കോവിഡിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രത്തലവന്മാരുടെ പ്രസംഗം പൊതുസമ്മേളനത്തിൽ റെക്കോഡ് ചെയ്താണ് കേൾപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.