ന്യൂഡൽഹി: യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് എളുപ്പത്തിലാക്കാൻ പുതിയ പരിഷ്‍കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കുകയാണ് റെയിൽവേ. ഈ വർഷം ആദ്യം അൺ റിസർവ്ഡ്, റിസർവ്ഡ് ടിക്കറ്റുകൾ ബുക്കുചെയ്യുന്നതടക്കം റെയിൽവേ സേവനങ്ങൾ ഏകീകൃതമായി ലഭ്യമാകുന്ന റെയിൽവൺ ആപ്പ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള പരമാവധി കാലാവധി 120ൽ നിന്ന് 60 ദിവസമായി കുറക്കുകയും ചെയ്തിരുന്നു.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് പലപ്പോഴും അത് ലഭിക്കാത്ത സാഹചര്യമുണ്ട്. ടിക്കറ്റിൽ ലോവർ ബെർത്തിന് മുൻഗണന നൽകിയിട്ടും മുതിർന്നവരും ഗർഭിണികളുമടക്കം പലർക്കും അപ്പർ,മിഡിൽ ബെർത്ത് കിട്ടുന്ന സാഹചര്യം കൂടെ കണക്കിലെടുത്ത് ബെർത്ത് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളും രീതികളും വ്യക്തമാക്കുകയാണ് റെയിൽവേ.
ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടർ അധിഷ്ഠിത റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരൻമാർക്കും 45നും മുകളിലുമുള്ളതോ ഗർഭിണികളായവരോ ആയ സ്ത്രീകൾക്കും ഓട്ടോമാറ്റിക് ആയി ലോവർ ബെർത്ത് അനുവദിക്കാൻ സജ്ജീകരണമുണ്ട്. ബുക്ക് ചെയ്യുന്ന സമയത്ത് ലഭ്യമായ അത്തരം ബെർത്തുകൾ കണക്കിലെടുത്താവും ഇത് അനുവദിക്കപ്പെടുക.
ബുക്ക് ചെയ്തപ്പോൾ ഇത്തരത്തിൽ ലോവർ ബെർത്ത് കിട്ടാത്തവർക്ക് ലഭ്യത കണക്കിലെടുത്ത് അത് അനുവദിക്കാൻ ടിക്കറ്റ് പരിശോധകർക്കും അധികാരമുണ്ട്.
ലോവർ ബെർത്ത് നിർബന്ധമായും ആവശ്യമുള്ളവർ അത് അനുവദിച്ചാൽ മാത്രം ബുക്കിങ് നടത്തുകയെന്ന് ഒപ്ഷൻ നൽകണമെന്ന് റെയിൽവേ പറയുന്നു. ഇങ്ങനെ, ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിച്ചാൽ മാത്രമാണ് ടിക്കറ്റ് ബുക്ക് ആവുക.
റിസർവ്ഡ് കോച്ചുകളിൽ രാത്രി വൈകീട്ട് 10.00 മുതൽ രാവിലെ 6.00 വരെയാണ് കിടക്കാൻ അനുവാദമുള്ളത്. മറ്റ് സമയങ്ങളിൽ യാത്രക്കാർക്ക് ഇരിക്കാൻ സീറ്റ് ഉപയോഗപ്പെടുത്താം.
അതേസമയം, സൈഡ് ലോവർ ബെർത്തുകളിൽ ആർ.എ.സി അനുവദിക്കുന്ന പക്ഷം സൈഡ് അപ്പർ ബർത്തിലുള്ള ആളും ആർ.എ.സി അനുവദിക്കപ്പെട്ടവരും സൈഡ് ലോവർ ബെർത്ത് പരിഗണിക്കണം. അതേസമയം, രാത്രി 10.00 മുതൽ രാവിലെ 6.00 വരെ ലോവർ ബെർത്തിൽ യാത്രക്കാരന് ഉറങ്ങാൻ അനുവാദമുള്ളതുകൊണ്ട് തന്നെ സൈഡ് അപ്പർ ബെർത്ത് അനുവദിക്കപ്പെട്ടയാൾക്ക് ഇവിടെ ഇരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.