ഇസ്രായേലിന്റെ വംശഹത്യക്കെതിരെ ഐ.സി.ജെയിൽ ശബ്ദമുയർത്തിയ ഇന്ത്യൻ ജഡ്ജി; അറിയാം ദൽവീർ ബണ്ഡാരിയെ

ന്യൂഡൽഹി: റഫയിലെ സൈനിക നടപടി എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വെള്ളിയാഴ്ച ഇസ്രായേലിനോട് ഉത്തരവിട്ടിരുന്നു. കോടതിയിൽ ഇസ്രായേലിന്റെ നരഹത്യക്കെതിരെ വോട്ട് രേഖ​പ്പെടുത്തിയ ജഡ്ജിമാരിൽ ഇന്ത്യക്കാരനുമുണ്ട്. ജഡ്ജി ദൽവീർ ബണ്ഡാരിയാണ് ഐ.സി.ജെയിൽ ഇന്ത്യയുടെ പ്രതിനിധിയായി ഫലസ്തീനികൾക്കായി വാദിച്ചത്. എന്നാൽ കോടതി വിധി മാനിക്കാതെ ഇസ്രായേൽ ആക്രമണം തുടരുകയാണ്.

2012മുതൽ ഐ.സി.ജെ അംഗമാണിദ്ദേഹം. 1947ൽ രാജസ്ഥാനിലെ ജോധ്പൂരിലാണ് ജനിച്ചത്. പദ്മഭൂഷണടക്കമുള്ള പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ബണ്ഡാരിയടക്കമുള്ള 17 ജഡ്ജിമാരുടെ പാനലാണ് ഇസ്രായേലിനെതി​രായ കേസ് പരിഗണിച്ചത്. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

ഫലസ്തീൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ സമാനതകളില്ലാത്ത മനുഷ്യ നിർമിത ദുരന്തമാണെന്നാണ് ദൽവീർ ഭണ്ഡാരി വിലയിരുത്തിയത്. 13 ജഡ്ജിമാരാണ് ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെ വോട്ട് രേഖപ്പെടുത്തിയത്.

സുപ്രീംകോടതിയിലും അദ്ദേഹം പ്രമാദമായ പല കേസുകളും വാദിച്ചിട്ടുണ്ട്. 2005 ഒക്ടോബർ 28ന് അദ്ദേഹത്തിന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. അതിനു മുമ്പ് ബോംബെ ഹൈകോടതി ചീഫ്ജസ്റ്റിസായിരുന്നു. വർഷങ്ങളോളം ഇന്റർനാഷനൽ ലോ അസോസിയേഷന്റെ ഡൽഹി സെൻറർ അധ്യക്ഷൻ കുടിയായിരുന്നു. ഭരണഘടന നിയമം, ക്രിമിനൽ നിയമം, സിവിൽ നടപടിക്രമങ്ങൾ, ഭരണ നിയമങ്ങൾ, കുടുംബ നിയമം, തൊഴിൽ, വ്യാവസായിക നിയമം, കോർപറേറ്റ് നിയമം തുടങ്ങി നിരവധി വിഷയങ്ങളിൽ ഭണ്ഡാരി സുപ്രധാന വിധികൾ പുറപ്പെടുവിച്ചു.

ദാമ്പത്യത്തിലെ തകർച്ച വിവാഹമോചനത്തിന് കാരണമാകുമെന്നും അദ്ദേഹം വിധി പറഞ്ഞു. ഈ വിധി 1955ലെ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യുന്നത് ഗൗരവമായി പരിഗണിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചു.

കടല്‍ തര്‍ക്കങ്ങള്‍, അന്റാര്‍ട്ടിക്കയിലെ തിമിംഗലവേട്ട, വംശഹത്യ, ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തി നിര്‍ണയം, ആണവ നിരായുധീകരണം, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, പരമാധികാര അവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളിലുള്ള ഐ.സി.ജെ വിധികളിലും 2012 മുതല്‍ ഭണ്ഡാരി നിര്‍ണായക പങ്കുവഹിച്ചു.

Tags:    
News Summary - Indian Judge Who Voted In Favour Of World Court's Order Against Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.