ന്യൂഡല്‍ഹി: പാകിസ്താനിലെ ഭീകര, സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഓപറേഷന്‍ സിന്ദൂർ സൈനിക നടപടികളുടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡിന്റെ എക്‌സ് പേജിലാണ് വിഡിയോകൾ പങ്കുവെച്ചിട്ടുള്ളത്.
'ശത്രു മിസൈലുകൾ നിർവീര്യമാക്കി..., ഇന്ത്യൻ ആർമി: അജയ്യമായ തീ മതിൽ, ഭൂമിയിൽ നിന്ന് ഞങ്ങൾ ആകാശത്തെ സംരക്ഷിച്ചു, അവർ ആജ്ഞാപിക്കുക മാത്രമല്ല ചെയ്യുന്നത്; അവർ മുൻനിരകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു' എന്നീ അടിക്കുറിപ്പോടെയാണ് പാക് മിസൈലുകളും ഡ്രോണുകളും തകർക്കുന്ന വിഡിയോയിലുള്ളത്. കൂടാതെ, കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ മനോജ് കുമാർ കഠ്യാർ സൈനികരെ സന്ദർശിക്കുന്നതും വിഡിയോയിലുണ്ട്.
'ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിർവഹിച്ചു, നീതി നടപ്പാക്കി' എന്ന കുറിപ്പോടെ ആക്രമണ ദൃശ്യങ്ങൾ വെസ്റ്റേണ്‍ കമാന്‍ഡിന്റെ എക്‌സ് പേജിൽ സൈന്യം ഇന്നലെ പങ്കുവെച്ചിരുന്നു. ഒരു സംഘം സൈനികരുടെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
‘ഇതിന്റെയെല്ലാം തുടക്കം പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നാണ്. ഉരുകിയ ലാവ പോലെയായിരുന്നു ക്രോധം. മനസില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ നമ്മള്‍ അവരെ തലമുറകളോളം ഓര്‍മിച്ചുവെക്കുന്ന ഒരു പാഠം പഠിപ്പിക്കും. ഇതൊരു പ്രതികാര നടപടിയല്ല. അതു നീതിയാണ്’ എന്ന് ഒരു സൈനികൻ പറയുന്നു.
തുടർന്ന് പാകിസ്താന്റെ ഭൂപ്രദേശങ്ങൾ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിന്റെയും ഷെല്ലാക്രമണത്തിന്റെയും ദൃശ്യങ്ങളാണുള്ളത്. മെയ് ഒമ്പതാം തീയതി മുതൽ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.