ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ കശ്മീരിലെ വിവിധയിടങ്ങളിൽ വ്യാപകമായി ഷെല്ലാക്രമണം നടത്തിയ പാക് ലോഞ്ച്പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ ആർമി എക്സിലൂടെ പുറത്തുവിട്ടു. വ്യാഴം, വെള്ളി രാത്രികളിലാണ് ജമ്മു കശ്മീരിലെയും പഞ്ചാബിലെയും വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ ആക്രമണം നടത്തിയതെന്നും ഇതിന് മറുപടിയായാണ് തിരിച്ചടിച്ചതെന്നും ആർമി എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോക്കൊപ്പം കുറിച്ചു.
നിയന്ത്രണ രേഖക്ക് സമീപമുള്ള ലോഞ്ച്പാഡുകൾ സുരക്ഷാസേനക്കും സാധാരണക്കാർക്കും നേരെ ആക്രമണമഴിച്ചുവിടാൻ പാക് സൈന്യത്തിന്‍റെ അറിവോടെ ഭീകരർ ഉപയോഗിച്ചിരുന്നു. ഇന്ത്യൻ സേന ലോഞ്ച്പാഡുകൾ തകർത്തതോടെ ഇത്തരം ആക്രമണങ്ങൾ ഇല്ലാതാക്കുമെന്നും ആർമി എക്സിൽ കുറിച്ചു. കരസേനയുടെ ആർട്ടിലറി വിഭാഗമാണ് ലോഞ്ച്പാഡുകൾ തകർത്തത്. ഉയർന്ന പ്രദേശങ്ങളിൽനിന്ന് ആക്രമിക്കാനുള്ള പാക് സംവിധാനങ്ങളാണ് സേന നാമാവശേഷമാക്കിയത്.
അതേസമയം ഉദംപൂർ, പത്താൻകോട്ട്, ബാത്തിൻഡ തുടങ്ങിയ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടും പാകിസ്താൻ ആക്രമണം നടത്തിയെന്ന് പ്രതിരോധ, വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭൂരിപക്ഷം ആക്രമണങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ചില വ്യോമതാവളങ്ങൾക്ക് നേരിയ കേടുപാടുണ്ടായെന്നും വാർത്തസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
പാകിസ്താൻ ആക്രമണങ്ങളെ തുടർന്ന് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടിയിട്ടുണ്ട്. പാകിസ്താൻ തുടർച്ചയായി നുണപ്രചാരണം തുടരുകയാണെന്നും വാർത്താസമ്മേളനത്തിൽ ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന വ്യാജ പ്രചാരണമാണ് പാകിസ്താൻ നടത്തുന്നത്.
ഇന്ത്യയുടെ വ്യോമതാവളങ്ങളും സൈനിക താവളങ്ങളും സുരക്ഷിതമാണ്. പവർ ഗ്രിഡുകൾക്കും ഒരു പോറൽ പോലും ഏറ്റിട്ടില്ല. ഭിന്നിപ്പ് ലക്ഷ്യമിട്ട് മതകേന്ദ്രങ്ങൾ ആക്രമിക്കുന്നത് പാകിസ്താൻ തുടരുകയാണെന്നും സംയുക്ത വാർത്തസമ്മേളനത്തിൽ സൈനിക പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.