പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേന നടത്തിയ വെടിവെപ്പിൽ അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതുച്ചേരിയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളിക്ക് നേർക്കാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഡെൽഫ് ദ്വീപിന് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലങ്കൻ ആക്ടിങ് ഹൈകമീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി വെടിവെപ്പിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷനും ഇക്കാര്യം ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തോട് ഉന്നയിച്ചിട്ടുണ്ട്.
ഡെൽഫ് ദ്വീപിന് സമീപം 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നതിനിടെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത സംഭവം ഇന്ന് പുലർച്ചെ റിപ്പോർട്ട് ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ രണ്ട്പേർ ജാഫ്നയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റതായും ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുകയും മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.