ന്യൂഡൽഹി: ബംഗ്ലാദേശ് ആക്ടിങ് ഹൈ-കമീഷണറെ വിളിച്ച് പ്രതിഷേധം അറിയിച്ച് ഇന്ത്യ. മുഹമ്മ് നുറൽ ഇസ്‍ലാമിനെ ഡൽഹിയിൽ വിളിച്ചുവരുത്തിയാണ് ഇന്ത്യക്കെതിരായ പ്രസ്താവനകൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.
നുറുൽ ഇസ്‍ലാമിനെ വെള്ളിയാഴ്ച വിളിച്ചു വരുത്തിയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ ബംഗ്ലാദേശുമായി ക്രിയാത്മകവും സൃഷ്ടിപരവും പരസ്പരം സഹായിക്കുന്ന രീതിയിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ഇന്ത്യ യോഗങ്ങളിൽ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയെ നെഗറ്റീവായി ചിത്രീകരിക്കുകയും ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് ഞങ്ങളെ ഉത്തരവാദികളാക്കാനുമാണ് അവർ ശ്രമിക്കുന്നത്. ഇത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് ഹസീന പ്രസ്താവന നടത്തിയത് സ്വന്തം ബോധ്യത്തിൽ നിന്നാണ്. അതിൽ ഇന്ത്യക്ക് ഒരു പങ്കുമില്ല. ബംഗ്ലാദേശുമായി പരസ്പര ബഹുമാനമുള്ള ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശും അത്തരമൊരു ബന്ധം തങ്ങളുമായി പുലർത്തുമെന്നാണ് പ്രതീക്ഷയെന്നും രൺദീർ ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം വെർച്വലായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ മുഹമ്മദ് യുനൂസ് സർക്കാറിനെതിരെ പ്രതിഷേധിക്കാൻ ശൈഖ് ഹസീന ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ശൈഖ് ഹസീനയുടെ പിതാവ് മുജീബുർ റഹ്മാന്റെ വീട് പ്രതിഷേധക്കാർ കത്തിച്ചിരുന്നു. ശൈഖ് ഹസീനയുടെ പ്രസ്താവനകളിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.