ന്യൂഡൽഹി: സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി.
‘സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ കണ്ടു. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു.
ബുധനാഴ്ചയാണ് സൗദിയും പാക്കിസ്ഥാനും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏതെങ്കിലും വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതാണ് കരാറെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.