ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ തടഞ്ഞുവെക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യൻ ഹൈക്കമീഷണറാണ് യാത്രാവിലക്ക് ഏർപ്പെടുത്താൻ രേഖാമൂലവും വാക്കാലും ചോക്സിക്ക് പൗരത്വം നൽകിയ കരീബിയൻ രാജ്യമായ ആൻറ്വിഗ ആന്റ് ബാർബുഡയോട് ആവശ്യപ്പെട്ടത്. കര, കടൽ, വായു വഴിയുള്ള സഞ്ചാരം ചോക്സിക്ക് അനുവദിക്കരുതെന്ന് ജോർജ് ടൗണിലെ ഇന്ത്യൻ ഹൈക്കമീഷൻ ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
13,500 കോടിയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. ജനുവരി 15നാണ് ചോക്സി ആൻറിഗ്വ പൗരനായത്. അതേ മാസം, 29നാണ് സി.ബി.െഎ കേസെടുക്കുന്നത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്സിയുടെ വിശദീകരണം.
അതേസമയം, കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്തുവരുമെന്ന് മുൻകൂട്ടിയറിഞ്ഞ ചോക്സി കഴിഞ്ഞ വർഷം നവംബറിൽതന്നെ ആൻറിഗ്വ പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ചോക്സിക്ക് പൗരത്വം നൽകുന്നതു സംബന്ധിച്ച് ആൻറിഗ്വയിൽനിന്ന് അന്വേഷണം വന്നപ്പോൾ ഇന്ത്യ തടസ്സങ്ങളുന്നയിച്ചില്ല. ആ സമയം പി.എൻ.ബി തട്ടിപ്പ് കേസ് പുറത്തുവരുകയോ ചോക്സിക്കെതിരെ കേസെടുക്കുകയോ ചെയ്തിരുന്നില്ല.
കരീബിയൻ ദ്വീപ് രാഷ്ട്രമായ ആൻറിഗ്വ നികുതി തീരെയില്ലാത്ത രാജ്യങ്ങളിലൊന്നാണ്. രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ഇനി ചോക്സിയെ വലയിലാക്കൽ എളുപ്പമല്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ആൾക്കൂട്ടം തല്ലിക്കൊല്ലുമെന്നതിനാൽ താൻ ഇന്ത്യയിലേക്കില്ലെന്ന് ചോക്സി നേരത്തേ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.