കൊളംബോ: ദിത്വ ചുഴലിക്കാറ്റും പ്രളയവും മണ്ണിടിച്ചിലും തകർത്ത ശ്രീലങ്കയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള മുന്നൊരുക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി വ്യോമസേനയുടെ സി-130 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് കൊളംബോയിൽ എത്തിയത്. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യം അനിവാര്യമായാൽ സി-130 വിമാനമാണ് ഉപയോഗിക്കുക.
ശ്രീലങ്കയിലേക്കുള്ള അവശ്യവസ്തുക്കളുമായാണ് വ്യോമസേന വിമാനം കൊളംബോയിൽ ഇറങ്ങിയത്. ഈ വിമാനത്തിൽ ചരക്കുകൾക്കൊപ്പം ആളുകളെയും കൊണ്ടുപോകാൻ സൗകര്യമുള്ളതാണ്. എന്നാൽ, ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ് സേന.
അതേസമയം, 'ഓപറേഷൻ സാഗർ ബന്ധു'വിന്‍റെ ഭാഗമായി ഇന്ത്യൻ വ്യോമസേന, നാവികസേന, ദേശീയ ദുരന്ത പ്രതിരോധസേന എന്നിവയാണ് ലങ്കയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്. വ്യോമസേനയുടെ എം.ഐ-17 വി5 ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്.
ദേശീയ ദുരന്ത പ്രതിരോധസേനയും ലങ്കൻ അധികൃതരും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു.
'ഓപറേഷൻ സാഗർ ബന്ധു'വിന്‍റെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ, ടെന്‍റുകൾ, ടോർച്ചുകൾ, ചാർജിങ് കേബിളുകൾ അടക്കമുള്ള 6.5 ടൺ സാധനസാമഗ്രികൾ ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചിരുന്നു. കൂടാതെ, ലങ്കൻ സർക്കാറിന്‍റെ അഭ്യർഥനയെ തുടർന്ന് പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തും ഐ.എൻ.എസ് ഉദയഗിരിയും കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ട്.
ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 153 പേർ മരിക്കുകയും 191 പേരെ കാണാതാകുകയും ചെയ്തു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. കിഴക്കൻ ട്രിങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും ദ്വീപ് രാജ്യത്ത് നാശം വിതച്ചത്.
രാജ്യത്തുടനീളം 15,000 വീടുകൾ തകർന്നിട്ടുണ്ട്. കുഴിയൊഴിപ്പിക്കപ്പെട്ട 44,000 പേരെ താൽകാലിക ഷെൽട്ടറിലേക്ക് മാറ്റി. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25 ലധികം പേരാണ് മരിച്ചത്. നിരവധി പേരെ കാണാതാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.